കൊല്ലം: 80 വയസ്സിലേറെ പ്രായമുള്ള, രണ്ട് കണ്ണുകൾക്കും കാഴ്ചയില്ലാത്ത പട്ടികജാതിക്കാരനായ വ്യക്തിക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിക്കാവുന്ന വാർധക്യകാല പെൻഷൻ ഒരു മാസത്തിനകം വിതരണംചെയ്ത് രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കിഴക്കേകല്ലട തെക്കേമുറി പ്രസന്ന മന്ദിരത്തിൽ വാസുദേവന് പെൻഷൻ അനുവദിക്കുന്നതിൽ ഗുരുതര കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് പഞ്ചായത്ത് ഡയറക്ടർ വിലയിരുത്തണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. 2013 മുതലുള്ള കുടിശ്ശിക സഹിതം രണ്ട് മാസത്തിനുള്ളിൽ പെൻഷൻ അനുവദിക്കണമെന്ന് കമീഷൻ 2017 സെപ്റ്റംബർ 15ന് പഞ്ചായത്ത് ഡയറക്ടർക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ പെൻഷൻ തുക ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരൻ മേയ് 25ന് കമീഷനിൽ വീണ്ടും പരാതി നൽകി. രണ്ടാമത്തെ പരാതിയിൽ കമീഷൻ പഞ്ചായത്ത് ഡയറക്ടറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോർട്ടിൽ കമീഷൻ ഉത്തരവ് നടപ്പാക്കാൻ ധനവകുപ്പിലേക്ക് അപേക്ഷിച്ചപ്പോൾ വില്ലേജ് ഓഫിസർ നൽകിയ വരുമാന സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ 2017 മാർച്ച് 30 മുതലുള്ള പെൻഷൻ അനുവദിക്കാവുന്നതാണെന്നും ധനവകുപ്പ് അറിയിച്ചു. 2013 മുതൽ 2017 വരെയുള്ള പെൻഷൻ കുടിശ്ശിക ഗ്രാമപഞ്ചായത്തിെൻറ തനത് ഫണ്ടിൽനിന്ന് നൽകണമെന്നും ധനവകുപ്പ് അറിയിച്ചു. തുച്ഛമായ പെൻഷൻ തുക ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാനുള്ളതാണെന്ന് അധികൃതർ കരുതാത്തത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അർഹരെ നേരിട്ട് കണ്ടെത്തി നൽകേണ്ട ആനുകൂല്യം അപേക്ഷിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും നൽകാതിരിക്കുന്നത് അധികാരവികേന്ദ്രീകരണ സങ്കൽപത്തെ ആദരിക്കുന്ന സമീപനമല്ല. അന്തസായി ജീവിക്കാനുള്ള മനുഷ്യാവകാശവും സമത്വത്തിനുള്ള ഭരണഘടനാവകാശവുമാണ് 2013 മുതൽ പരാതിക്കാരന് ലംഘിക്കപ്പെട്ടതെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. പട്ടികജാതി പീഡനവിരുദ്ധ നിയമവും മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണ നിയമവും പഞ്ചായത്ത് അവഗണിച്ചതായും ചൂണ്ടിക്കാട്ടി. 2017 മുതലുള്ള പെൻഷൻ തുക പഞ്ചായത്ത് ഡയറക്ടർ ഇടപെടൽ നടത്തി രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.