തിരുവനന്തപുരം: ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന പട്ടികവർഗ വികസനവകുപ്പ് ആരംഭിച്ച സാമൂഹിക പഠനകേന്ദ്രങ്ങൾക്ക് വൻ സ്വീകാര്യത. ജില്ലയിലെ അഞ്ച് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പഠനകേന്ദ്രങ്ങളിൽ വിദ്യ അഭ്യസിക്കാനെത്തുന്നത് ഊരുകളിലെ 150 കുട്ടികളാണ്. കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപ്പാറ, അമ്പൂരി പഞ്ചായത്തിലെ പുരവിമല, പെരിങ്ങമ്മല പഞ്ചായത്തിലെ താന്നിമൂട്, വിതുരയിലെ തലതൂത്തക്കാവ്, പൊടിയക്കാല എന്നിവിടങ്ങളിലാണ് നിലവിൽ പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രത്തിലും 30 കുട്ടികൾ എന്നതാണ് കണക്ക്. ഊരുകളിലെ കുട്ടികൾ വിദ്യാലയങ്ങളിൽ പോകുന്നുണ്ടെങ്കിലും ട്യൂഷൻ, ലൈബ്രറി സംവിധാനം മുതലായ അധിക പഠനസഹായം ഇവർക്ക് ലഭിച്ചിരുന്നില്ല. പല വീടുകളിലും അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് സാമൂഹിക പഠനകേന്ദ്രങ്ങൾ എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്. പദ്ധതി പ്രകാരം വിദ്യാലയങ്ങളിൽനിന്നെത്തുന്ന കുട്ടികൾക്ക് ലഘുഭക്ഷണവും രാത്രികാല പഠനക്ലാസും നൽകി ബദൽ സ്‌കൂളായി മാറുകയാണ് പഠനകേന്ദ്രങ്ങൾ. ഓരോ കേന്ദ്രങ്ങളിലും ഒരു മുഴുവൻ സമയ ടീച്ചറെയും നിയമിച്ചിട്ടുണ്ട്. ഇൻറർനെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടറുകൾ, ലൈബ്രറി എന്നിവയും കുട്ടികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഈ വർഷം ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഇതുവരെയുള്ള വിലയിരുത്തൽ പ്രകാരം അഞ്ച് ആദിവാസി മേഖലകളിലെയും കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് വൻ പുരോഗതിയാണ് ഉണ്ടായതെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസർ സി. വിനോദ് കുമാർ പറഞ്ഞു. ഓരോ പഠനകേന്ദ്രത്തിലും രക്ഷാകർതൃ കമ്മിറ്റികൾ വിജയകരമായി നടക്കുന്നുണ്ട്. ഊരുകളിലെ എല്ലാ കുട്ടികളും പഠനകേന്ദ്രങ്ങളിൽ എത്തുന്നുവെന്നത് മേഖലയിൽ പദ്ധതിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്തുകൾ പിന്തുണ നൽകുന്നു. വിതുര തലതൂത്തക്കാവ് സാമൂഹിക പഠനകേന്ദ്രം വെള്ളനാട് ബ്ലോക്ക് പഞ്ചായത്താണ് നിർമിച്ച് നൽകിയത്. സംസ്ഥാനത്താകെ 100 സാമൂഹിക പഠനകേന്ദ്രങ്ങളാണ് ഇതിനോടകം ആരംഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.