തിരുവനന്തപുരം: ഹരിതകേരളം മിഷെൻറ ഭാഗമായി ജില്ലയിലെ ഓഫിസുകളിൽ ഹരിതചട്ടം നടപ്പാക്കുന്ന നടപടികൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് സർവിസ് സംഘടനകൾ. കലക്ടർ ഡോ. കെ. വാസുകി കലക്ടറേറ്റിൽ വിളിച്ചുകൂട്ടിയ സർവിസ് സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലയിലെ ഓഫിസുകൾ ഹരിത ഓഫിസുകളാക്കാൻ സംഘടനകൾ പിന്തുണ അറിയിച്ചത്. കലക്ടറേറ്റിലടക്കം ഓഫിസുകളിൽ സംഘടനകൾ സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കുമെന്ന് നേതാക്കൾ പറഞ്ഞു. സർവിസ് സംഘടനകൾ നടത്തുന്ന യോഗങ്ങൾ, സമ്മേളനങ്ങൾ, പരിപാടികൾ എന്നിവയിൽ ഹരിതചട്ടം പാലിക്കുമെന്നും ഉറപ്പുനൽകി. ഓഫിസുകളിലെയും കാൻറീനുകളിലെയും ചുമരുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകൾ നീക്കും. പോസ്റ്ററുകളും നോട്ടീസും സ്ഥാപിക്കുന്നതിന് പ്രത്യേക നോട്ടീസ് ബോർഡുകൾ സ്ഥാപിക്കും. ഓഫിസുകളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങൾക്ക് പിന്തുണ നൽകുമെന്നും ഇലപ്പൊതികൾ അടക്കം ഉപേക്ഷിച്ച് പുനരുപയോഗിക്കാവുന്ന പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. എല്ലാ ഓഫിസുകളും ഹരിതചട്ടം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് റിക്രിയേഷൻ ക്ലബുകളെ സഹകരണം ഉറപ്പാക്കാനുംതീരുമാനിച്ചു. കലക്ടറേറ്റിൽ മാലിന്യ സംസ്‌കരണത്തിനായി ബയോ പാർക്ക് സ്ഥാപിക്കുമെന്ന് ജില്ല കലക്ടർ പറഞ്ഞു. ഓഫിസുകൾ മനോഹരമായും വൃത്തിയായും സൂക്ഷിക്കാൻ ജീവനക്കാരുടെ സഹകരണം വേണമെന്നും അവർ പറഞ്ഞു. അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് വി.ആർ. വിനോദ്, സർവിസ് സംഘടന നേതാക്കളായ ബി. അനിൽകുമാർ, യു.എം. നഹാസ്, ആർ. വിദ്യാവിനോദ്, പി. ശ്രീകുമാർ, ഹരിശ്ചന്ദ്രൻനായർ, എസ്. സുരേഷ് കുമാർ, പി.വി. രഞ്ചുനാഥ്, എ.പി. സുനിൽ, വി.എസ്. രാഗേഷ്, എസ്. സജീവ് കുമാർ, കെ.പി. പ്രദീപ്, വി. രാധാകൃഷ്ണപിള്ള, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ പി.കെ. അനൂപ്, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഡി. ഹുമയൂൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.