പ്രിൻസിപ്പൽ കുട്ടികളെക്കൊണ്ട് ഭക്ഷണത്തിൽ മായം കലർത്തുന്നതായി സംശയം തിരുവനന്തപുരം: മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഭക്ഷ്യവിഷബാധയിൽ പ്രിൻസിപ്പലിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിപ്പോർട്ട്. സ്കൂൾ പ്രിൻസിപ്പൽ സി.എസ്. പ്രദീപ് സ്ഥാനത്ത് തുടർന്നാൽ ഭക്ഷ്യവിഷബാധ ആവർത്തിക്കാനും കുട്ടികൾക്ക് ജീവൻ നഷ്ടമാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് . കുട്ടികളെകൊണ്ട് പ്രദീപ് ഭക്ഷണത്തിൽ മായം കലർത്തുന്നതായി സംശയമുണ്ടെന്നും കായിക വിഭ്യാഭ്യാസ വകുപ്പിനും ഇൻറലിജൻസ് എ.ഡി.ജി.പിക്കും കൈമാറിയ രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 2011ൽ സി.എസ്. പ്രദീപ് ചുമതലയേറ്റത് മുതൽ എല്ലാവർഷവും സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വിരൽ ചൂണ്ടുന്നത് പ്രിൻസിപ്പലിനു നേരെയാണ്. കുട്ടികളെകൊണ്ടു ഭക്ഷണത്തിൽ മായം കലർത്തുന്നതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പൊലീസ് സംശയം. പ്രദീപിനെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ആവർത്തിക്കാനും കായികതാരങ്ങൾക്ക് ജീവൻ നഷ്ടമാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുെന്നന്നാണ് വിവരം. അധ്യാപകരെയും കുട്ടികളെയും പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുകയാണ്. പ്രദീപ് പ്രൻസിപ്പലായി വന്ന ശേഷം 25 പേർ ട്രാൻസ്ഫർ വാങ്ങി പോയെന്നും പൊലീസ് കണ്ടെത്തി. ജി.വി. രാജ പ്രിൻസിപ്പലിന് എതിരായ പരാതികൾ കായികവകുപ്പിലെ ഉന്നതർ മുക്കിയെന്നാണ് മറ്റൊരു കണ്ടെത്തൽ. സ്പോർട്സ് സാധനങ്ങൾ വാങ്ങുന്നതിലും മെസ് നടത്തിപ്പിലും സ്കൂളിലെ നിർമാണങ്ങളിലും പ്രദീപ് അഴിമതി നടത്തുന്നതായി ആരോപണമുണ്ടെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവുമൊടുവിൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ കഴിഞ്ഞ ജൂൺ 18ന് അറുപതോളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, ഭക്ഷ്യസുരക്ഷ കമീഷണർ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെ അഞ്ചുതവണ ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായതായി കണ്ടെത്തി. ഇക്കാലയളവിൽ 2014ൽ ഒഴികെ എല്ലാ വർഷവും ഭക്ഷ്യവിഷബാധയുണ്ടായി. 2013ൽ ജൂലൈ 17, 2015 ജൂലൈ 18, 2016ൽ ജൂലൈ 29, 2017ൽ ആഗസ്റ്റ് അഞ്ച് തീയതികളിലാണ് സംഭവമുണ്ടായത്. എല്ലായിപ്പോഴും ഒരേ കാലയളവിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ദുരൂഹമാണെന്നും സമഗ്രാന്വേഷണം വേണമെന്നും ഭക്ഷ്യസുരക്ഷ കമീഷണർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.