കൊട്ടാരക്കര: എം.സി റോഡിലെ അപകട മേഖലകളിലൊന്നാണ് കുളക്കട ആലപ്പാട്ട് ക്ഷേത്രം വളവ്. എണ്ണമറ്റ വാഹനാപകടങ്ങൾ നടന്ന ഇവിടെ നിരവധി മരണങ്ങളും നടന്നിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായതാണ് കഴിഞ്ഞ ദിവസം അംഗൻവാടി അധ‍്യാപിക ലോറിക്കടിയിൽപെട്ട് ദാരുണമായി മരിച്ച സംഭവം. രാജ്യാന്തര നിലവാരത്തിൽ പുനർനിർമിച്ചെന്ന് അധികൃതർ അവകാശപ്പെടുന്ന എം.സി റോഡിൽ ആയൂർ മുതൽ ഏനാത്തുവരെയുള്ള ഭാഗം അപകടസാധ്യത കൂടുതലുള്ള മേഖലയാണെന്ന് വിവിധ സർക്കാർ വകുപ്പുകൾതന്നെ വിലയിരുത്തിയിട്ടുണ്ട്. വയക്കൽ, വാളകം, കമ്പംകോട്, സദാനന്ദപുരം, ലോവർ കരിക്കം, മൈലം റെയിൽവേ പാലം, ഇഞ്ചക്കാട്, കുളത്തുവയൽ, കുളക്കട ലക്ഷംവീട്, കുളക്കട ജങ്ഷൻ എന്നിവിടങ്ങൾ സ്ഥിരംഅപകടമേഖലകളാണ്. കുളക്കട, കുളക്കട ആലപ്പാട്ട് ക്ഷേത്രം വളവ് എന്നിവിടങ്ങളിലാണ് അധികം വാഹനാപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ളത്. എം.സി റോഡ് നവീകരണത്തിനു ശേഷമാണ് അപകടങ്ങളുടെ തോത് വർധിച്ചത്. ആലപ്പാട്ട് ക്ഷേത്രത്തിനു മുൻവശത്ത് റോഡിന് കൊടുംവളവാണ്. ഇവിടെ റോഡിെൻറ പ്രതലം ഒരു വശത്തേക്ക് ചരിച്ചാണ് നിർമിച്ചിട്ടുള്ളത്. വളരെ മിനിസവുമാണ് റോഡ് ഉപരിതലം. ഇതു മൂലം ബ്രേക്കിട്ടാൽ പോലും വാഹനം പെട്ടെന്ന് നിയന്ത്രണത്തിലാവില്ല. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിെൻറ ആഘാതം വർധിച്ചത് ഇതുമൂലമാണ്. ഈ ഭാഗം അപകടരഹിതമാക്കാനുള്ള ഒരു നടപടിയും കെ.എസ്.ടി.പി.യുടെയോ പൊതുമരാമത്തു വകുപ്പിെൻറയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റോഡ് നിർമിതിയിലെ അപാകത പരിഹരിക്കാനോ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ വിമുഖത കാട്ടുന്നു. ഇവിടെ അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് രണ്ടു വർഷം മുമ്പ് നാട്ടുകാർ റോഡ് ഉപരോധിക്കുകയും മരിച്ചവരുടെ പേരുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവരുടെ കണ്ണ് തുറന്നില്ല. അപകടങ്ങൾ തുടർക്കഥയാവുകയാണ് ഇപ്പോഴും. എം.സി റോഡ് നവീകരണത്തിനു ശേഷം റോഡുസുരക്ഷ സമിതിയും പൊലീസും നടത്തിയ പഠനങ്ങളിൽ നിർമിതിയിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തുകയും പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കൊടുംവളവുകൾ ഒഴിവാക്കാനും ഉപരിതലം പരുക്കനാക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ, ഒന്നും നടന്നില്ല എന്നു മാത്രം. ഇപ്പോൾ ടാറിങ് ജോലികൾ നടന്ന സ്ഥലങ്ങളിൽ പോലും ദിശാസൂചകങ്ങളോ അപകട മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. എം.സി റോഡിൽ ജീവൻ പൊലിയുന്നതിെൻറ ഉത്തരവാദിത്തം കെ.എസ്.ടി.പിക്ക് തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. മരണങ്ങളുടെ കണക്കെടുത്ത് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കാനുള്ള തയാറെടുപ്പും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.