വെളിയം: മുട്ടറയിൽ വാനരന്മാരെ ആക്രമികൾ പരിക്കേൽപ്പിക്കുന്നതായി പരാതി. മുട്ടറ മരുതിമലയിൽ നിന്ന് നാട്ടിലെത്തുന്ന വാനരന്മാരെയാണ് സാമൂഹികവിരുദ്ധർ ആക്രമിക്കുന്നത്. കൂട്ടമായി എത്തുന്ന വാനരന്മാരെ സാമൂഹികവിരുദ്ധർ പാറക്കഷണം കൊണ്ടും മറ്റും എറിഞ്ഞാണ് പരിക്കേൽപ്പിക്കുന്നത്. വീടുകൾക്ക് കേട് വരുെത്തന്ന് ആരോപിച്ചാണ് അക്രമണം. വിഷയം സാമൂഹികപ്രവർത്തകർ അറിഞ്ഞിട്ടും നടപടികൾ ഉണ്ടാകുന്നില്ല. മലയിൽ നൂറുകണക്കിന് വാനരന്മാരാണ് ഉണ്ടായിരുന്നത്. ഭക്ഷണം ലഭിക്കാതായതോടെയാണ് ഇവർ നാട്ടിലിറങ്ങിയത്. നിരവധി കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും പതിവാണ്. മലയിലെ ഇക്കോ ടൂറിസത്തിെൻറ ഭാഗമായി അഞ്ച് വർഷം മുമ്പ് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. എന്നാൽ, സാമൂഹിക വിരുദ്ധർ ഉണങ്ങിയ പുല്ലിന് തീയിടാൻ ആരംഭിച്ചതോടെയാണ് വാനരന്മാർക്ക് മലയിലെ പ്രകൃതിദത്തമായ ഭക്ഷണം ഇല്ലാതായത്. ഇതിനെതിരെ നാട്ടുകാരും പ്രകൃതിസ്നേഹികളും രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. 2006 ഫെബ്രുവരിയിൽ മലയിലെ 50 കുരങ്ങുകളെ സ്വകാര്യവ്യക്തി സർക്കാർ ഭൂമി കൈയേറുന്നതിെൻറ ഭാഗമായി വിഷം നൽകി കൊന്നിരുന്നു. തുടർന്നാണ് മരുതിമല ശ്രദ്ധിക്കാൻ തുടങ്ങുന്നതും വെളിയം പഞ്ചായത്തിെൻറ നിരീക്ഷണത്തിലാവുന്നതും. വാനരന്മാർ ഒത്തുകൂടുന്ന മലയിലെ ഗുഹ 10 വർഷം മുമ്പ് പാറമാഫിയകൾ ഖനനം ചെയ്ത് മാറ്റിയിരുന്നു. അന്നും വാനരന്മാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവർത്തകർ എത്തിയിരുന്നു. പലപ്പോഴും വാനരന്മാർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വരുന്ന പരിസ്ഥിതി പ്രവർത്തകർ മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വാനരന്മാരെ സംരക്ഷിക്കാനും അവർക്ക് ഭക്ഷണം നൽകാൻ വഴി കണ്ടെത്താനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാവണമെന്നാണ് മുട്ടറ നിവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.