നിയന്ത്രണംവിട്ട ലോറിയിടിച്ച്​ അപകടം: എട്ടുവയസ്സുകാരി മരിച്ചു

കോവളം: നിർമാണത്തിലിരിക്കുന്ന കഴക്കൂട്ടം കാരോട് ബൈപാസിൽ കോവളം പുതിയ പാലത്തിന് സമീപം നിയന്ത്രണംവിട്ട ലോറി സ്കൂട്ടറിലും ബൈക്കുകളിലുമിടിച്ചുണ്ടായ അപകടത്തിൽ എട്ടുവയസ്സുകാരി മരിച്ചു. പരിക്കേറ്റ ഏഴുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ബൈപാസിൽ കോവളം ജങ്ഷനു സമീപത്തെ ആഴാകുളം ഭാഗത്താണ് അപകടം നടന്നത്. ആഴാകുളം ശിവാലയത്തിൽ ഷിബുവി​െൻറയും രാഖിയുടെയും മൂത്തമകളും ആഴാകുളം ബത്ലേഹം പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായ ചന്ദന.എസ്.എസ് ആണ് അപകടത്തിൽ മരിച്ചത്. ചന്ദനയുടെ മുത്തച്ഛൻ സുകുമാരൻ (60), അനുജത്തി നന്ദന (4), എതിർദിശയിൽ രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച പൂന്തുറ സ്വദേശിയായ സൂസാ ദാസൻ (35), ഭാര്യ മേബിൾ (30), കരിംകുളം സ്വദേശിയായ അമല ദാസൻ (35), ലോറി ഡ്രൈവർ കന്യാകുമാരി സ്വദേശി എസ്. രാജ (55), ഒപ്പമുണ്ടായിരുന്ന രാജ ദുരൈ (50) എന്നിവരെയാണ് പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ സുകുമാരൻ, രാജ ദുരൈ എന്നിവരുടെ നില ഗുരുതരമാണ്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് കുട്ടികളെ കല്ലുവെട്ടാൻ കുഴിയിലെ അവരുടെ വീട്ടിലേക്ക് ഹോണ്ട ആക്ടിവയിൽ സുകുമാരൻ കൊണ്ടു പോകുകയായിരുന്നു. കോവളം ജങ്ഷനിൽനിന്ന് കല്ലുവെട്ടാൻ കുഴിഭാഗത്തേക്ക് വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള മിനിലോറി നിയന്ത്രണംതെറ്റി സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ചന്ദന ലോറിക്കടിയിൽപ്പെട്ടു. തുടർന്ന് മറ്റ് രണ്ട് ബൈക്കുകളിൽ കൂടി ഇടിച്ച ലോറി തലകീഴായി സർവിസ് റോഡിലേക്ക് പതിച്ചു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ 108 ആംബുലൻസിലും പൊലീസ് ജീപ്പിലും ആശുപത്രിയിൽ എത്തിച്ചു. മകളുടെ മരണ വാർത്തയറിഞ്ഞ് ഡൽഹി കേരള ഹൗസിലെ ജീവനക്കാരനായ ചന്ദനയുടെ പിതാവ് ഷിബു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബൈപാസ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടം സൃഷ്ടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് സർവിസ് റോഡിൽനിന്ന് ബൈപാസിലേക്ക് കയറുന്ന രണ്ടുറോഡുകളും പൊലീസ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.