തിരുവനന്തപുരം: പ്ലാസ്റ്റിക് മുക്ത ഗ്രാമത്തിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കും. കലക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും സഞ്ചികളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള ബോധവത്കരണം നടത്തും. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും ശേഖരണത്തിന് കൃത്യമായ രൂപരേഖ തയാറാക്കണമെന്നും ഡി.കെ. മുരളി എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ പ്ലാസ്റ്റിക് മുക്ത ഗ്രാമമായി മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട നിയമാവലി ദേദഗതിയടക്കമുള്ള പ്രാരംഭനടപടികൾ ഗ്രാമപഞ്ചായത്തുകൾ പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളിൽ ഹരിതകർമസേന രൂപവത്കരിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സംവിധാനമൊരുക്കും. ചെമ്മരുതി, മാണിക്കൽ, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകൾ ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പരിശോധന കർശനമാക്കും. പാറശ്ശാല കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്നും ജനങ്ങൾക്ക് വെള്ളം ലഭ്യമാക്കണമെന്നും സി.കെ. ഹരീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. സെപ്റ്റംബർ 15നകം പദ്ധതി പൂർത്തീകരിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. പെരിങ്ങമ്മലയിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ആശ്വാസധനസഹായം അടിയന്തരമായി അനുവദിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഡി.കെ. മുരളി എം.എൽ.എ ആവശ്യപ്പെട്ടു. പൊന്മുടി എൽ.പി സ്‌കൂളിനെ ആനശല്യത്തിൽനിന്ന് രക്ഷിക്കാൻ കിടങ്ങ് സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂർക്കാവ് ജങ്ഷെൻറ വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ എം.എൽ.എ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡെവലപ്മെൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ പഠനം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.