തിരുവനന്തപുരം: സർവേ വകുപ്പിന് കീഴിലെ കേരള ലാൻഡ് ഇൻഫർമേഷൻ മിഷനും (എൽ.ഐ.എം) ലാൻഡ് റവന്യൂ കമീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ലാൻഡ് ബാങ്കും (എസ്.എൽ.ബി) സംയോജിപ്പിച്ച് ഭൂരേഖ നവീകരണ മിഷൻ രൂപവത്കരിക്കാൻ സർക്കാർ ഉത്തരവ്. നിലവിലെ ലാൻഡ് ഗവേൺസ് സൊസൈറ്റി നിർത്തലാക്കുന്നതിനും അനുമതിനൽകി. ഭൂരേഖാ നവീകരണ മിഷൻ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യുന്നതിനും പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കുന്നതിനും ലാൻഡ് റവന്യൂ കമീഷണർമാരെ ചുമതലപ്പെടുത്തി. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഭൂമി സംബന്ധമായി ഇടപാടുകളെല്ലാം ഓൺലൈനായി നടപ്പാക്കുകയാണ് പുതിയ സംവിധാനത്തിെൻറ ലക്ഷ്യം. കൃത്യവും കാര്യക്ഷമവുമായ സേവനം ജനങ്ങൾക്ക് ലഭിക്കുന്നതിന് ഭൂരേഖാ പരിപാലനത്തിനുള്ള പദ്ധതികൾക്കും രൂപംനൽകും. പോക്കുവരവിെൻറ എല്ലാ നടപടികളും ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിക്കും. ഭൂരേഖകളുടെ പരിപാലനത്തിന് ഇൻഫർമേഷൻ ടെക്നോളജിയിലധിഷ്ഠിതമായ ക്രമീകരണം, കഡസ്ട്രൽ സർവേ ആധുനീകരിക്കൽ, സർവേ ഡിജിറ്റെസേഷൻ നടപടികളുടെ ഏകോപനം എന്നിവ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. കേന്ദ്ര സർക്കാറിെൻറ ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് റിസോഴ്സ് വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ് മോഡേണൈസേഷ പ്രോഗ്രാം എന്ന പദ്ധതി 2008-09 മുതൽ സംസ്ഥാനത്ത് നപ്പാക്കുന്നുണ്ട്. ലാൻഡ് റിസോഴ്സ് വകുപ്പിെൻറ നിർദേശപ്രകാരം സർക്കാർ 2012ൽ ലാൻഡ് ഗവേൺസ് സൊസൈറ്റി ( കെ.എൽ.ജി.എസ്) എന്ന പേരിൽ രൂപവത്കരിച്ച പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റ് (പി.എം.യു) പ്രവർത്തനരഹിതമായ സാഹചര്യത്തിലാണ് പുതിയ മിഷൻ രൂപവത്കരിക്കാൻ തീരുമാനിച്ചത്. മിഷൻ ഭരണസമിതിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ്ചെയർമാൻ റവന്യൂ മന്ത്രിയുമായിരിക്കും. ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.