കസ്​റ്റഡി മർദനമെന്ന്; വിഴിഞ്ഞം പൊലീസ് സ്​റ്റേഷൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു

വിഴിഞ്ഞം: മരുതൂർകോണം പി.ടി.എം കോളജ് ഹോസ്റ്റൽ ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ബ്ലേഡുകൊണ്ട് ആക്രമിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത രണ്ടുപേരിൽ ഒരാളെ എസ്.ഐ മർദിച്ചു എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഫോർട്ട് അസി. കമീഷണർ ദിനിലി​െൻറ നേതൃത്വത്തിൽ ഉപരോധകരുമായി നടത്തിയ ചർച്ചയെ തുടർന്ന് രാത്രി 9.30നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് മൂന്ന് ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ബ്ലേഡുകൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ ഏഴുപേരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ അഞ്ചുപേരെ വിട്ടയക്കുകയും രണ്ടുപേരോട് ശനിയാഴ്ച സ്റ്റേഷനിൽ എത്താനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ രണ്ടുപേരിൽ ഒരാൾ സ്റ്റേഷനിൽ അപസ്മാരം വന്ന് കുഴഞ്ഞു. ഈ യുവാവിനെ പൊലീസ് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇയാളെ എസ്.ഐ അശോക് കുമാർ മർദിെച്ചന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നത്. സംഭവം അറിഞ്ഞ് തടിച്ചുകൂടിയ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കള്ളക്കേസ് ആണ് പൊലീസ് എടുത്തിരിക്കുന്നതെന്നും പരിക്കേറ്റ കുട്ടികൾ തമ്മിൽ ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചത് ആണെന്നും ഉപരോധകർ ആരോപിച്ചു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഫോർട്ട് അസി. കമീഷണർ ദിനിൽ ഉപരോധകരുമായി നടത്തിയ ചർച്ചയിൽ ആരോപണവിധേയനായ എസ്.ഐ അശോക് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല. സി.ഐയെകൂടി സസ്പെൻഡ് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ച് ഉപരോധം തുടർന്നു. തുടർന്ന് വിഴിഞ്ഞം സി.ഐ എൻ. ഷിബു, എസ്.ഐ അശോക് കുമാർ എന്നിവരെ മാറ്റിനിർത്തി എ.സിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും ബ്ലേഡുകൊണ്ടുള്ള ആക്രമണത്തിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ സംബന്ധിച്ച് അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഫോർട്ട് എ.സി ഉപരോധക്കാർക്ക് ഉറപ്പ് നൽകി. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.