നേമം: ശാന്തിവിള താലൂക്ക് ആശുപത്രിൽ നിർമാണം പൂർത്തിയായിട്ടും പൂട്ടിയിട്ടിരുന്ന വാർഡുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ശനിയാഴ്ച തുറന്നു. പൊന്നുമംഗലം വാർഡ് കൗൺസിലർ സഫീറ ബീഗത്തിെൻറ നേതൃത്വത്തിൽ കല്ലിയൂർ പഞ്ചായത്ത് അംഗം സന്ധ്യയും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ശനിയാഴ്ച രാവിലെ 10ന് ആശുപത്രിയിൽ പ്രതിഷേധിച്ചു. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രേംകുമാർ വാർഡുകൾ തുറക്കാൻ നിർബന്ധിതനായി. പനി ബാധിച്ചെത്തുന്ന രോഗികളെ കിടത്തിചികിത്സിക്കാൻ ആശുപത്രിയിൽ സൗകര്യം കുറവായിട്ടുപോലും നിർമാണം പൂർത്തിയായ മൂന്നാം നിലയിലെ വാർഡുകൾ പൂട്ടിയിട്ടതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഒത്തുകൂടിയത്. രോഗികളെ മൂന്നാംനിലയിലേെക്കത്തിക്കാൻ ലിഫ്ട് അല്ലെങ്കിൽ റാംബ് ഇല്ലാത്തതിനെ തുടർന്നാണ് രണ്ട് വാർഡുകൾ ഉദ്ഘാടനം നടത്താതെ രണ്ടുവർഷമായി പൂട്ടിയിട്ടിരുന്നത്. രണ്ടാംനില വരേ റാമ്പ് നിർമിച്ചിട്ടുള്ളൂ. രണ്ട് വാർഡുകളിലായി 60 കട്ടിലുകളുണ്ട്. അവയ്ക്ക് ആവശ്യമുള്ള ഡ്രിപ് സ്റ്റാൻഡും ബെഡ് സൈഡ് ലോക്കറും ആശുപത്രിയിലുണ്ടെങ്കിലും കിടത്തിചികിത്സ ആരംഭിക്കുമ്പോൾ അതിന് വേണ്ട നഴ്സുമാരുടെ അഭാവുമുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. ഇപ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു കെട്ടിടങ്ങളിലായിട്ടാണ് കിടത്തിചികിത്സ. ദേശീയ ആരോഗ്യ മിഷൻ അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് മൂന്നാംനിലയുടെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, ലിഫ്റ്റിന് വേണ്ടി സ്ഥലം കണ്ടെത്തി ജോലികൾ ആരംഭിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ലിഫ്റ്റിെൻറ പണികൾ നിർത്തിവെക്കുകയായിരുെന്നന്ന് റസിഡൻസ് അസോസിയേഷനുകളുടെ സംഘടന 'ഫ്രാൻസ്' സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ പറഞ്ഞു. ലിഫ്റ്റ് ഇല്ലാത്തതിനാൽ വാർഡിൽ മറ്റുരോഗികളെ എത്തിക്കാൻ പ്രയാസമുള്ളതിനാൽ പനി ബാധിച്ചുവരുന്നവരെ മാത്രമേ മൂന്നാം നിലയിലെ വാർഡിൽ പ്രവേശിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.