ആറ്റിങ്ങല്‍: ടവര്‍ സ്ഥാപിക്കുന്നതിനെതിരെ കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ ചൊല്ലി വക്കം ഗ്രാമപഞ്ചായത്ത് യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. വക്കം ഗ്രാമപഞ്ചായത്തിലെ ജനസാന്ദ്രതയേറിയ മേഖലയായ ആങ്ങാവിളയില്‍ റിലയന്‍സ് സ്ഥാപിക്കാനൊരുങ്ങുന്ന ടവറിനെ ചൊല്ലിയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റമുട്ടിയത്. ജനവാസ മേഖലയില്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അനുമതി നല്‍കാനുള്ള നീക്കം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ആരോപിച്ച് 11ാം വാര്‍ഡ് അംഗവും പ്രതിപക്ഷ നേതാവുമായ ഗണേശാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. അനുമതി നിഷേധിച്ച് പ്രസിഡൻറ് കയര്‍ത്ത് സംസാരിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം സീറ്റില്‍ നിന്നെഴുന്നേറ്റു. റിലയന്‍സിന് വേണ്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പുറമെ ഇങ്ങനെ തീവ്രമായി വാദിക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ റിലയന്‍സ് ജിയോ കമ്പനിയുടെ പ്രതിനിധികളെ വിളിച്ച് വരുത്തി വിശദീകരണം ചോദിക്കാമെന്ന് പ്രസിഡൻറ് വേണുജി പറഞ്ഞു. സ്വകാര്യ കമ്പനിയുടെ വിശദീകരണമല്ല വേണ്ടതെന്നും ജില്ല ടെലികോം അതോറിറ്റി ഉള്‍പ്പെടെയുള്ളവയുടെ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് പഞ്ചായത്ത് ചെയ്യേണ്ടതെന്നും ഗണേശന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ ഭരണപക്ഷം തയാറായില്ല. പ്രതിപക്ഷം ശക്തമായി നില്‍ക്കുകയും കമ്മിറ്റി അജണ്ടകളിലേക്ക് കടക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ ഭരണപക്ഷത്തെ മറ്റ് അംഗങ്ങള്‍ പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു. വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങി. ഇതോടെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കമ്മിറ്റി ഹാള്‍ വിട്ട് പുറത്തിറങ്ങി. ഇതിന് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ ഹാളിനുള്ളില്‍ നിലത്തിരുന്ന് മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. പ്രതിപക്ഷനേതാവ് ഗണേശന് പുറമെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ബിഷ്ണു, താജുന്നിസ, രവീന്ദ്രന്‍, ലാലിജ, അംബിക എന്നിവരും യോഗം ബഹിഷ്‌കരിച്ചു. ആങ്ങാവിളയെന്ന ജനസാന്ദ്രതയേറിയ പ്രദേശത്താണ് റിലയന്‍സ് ജിയോ മൊബൈല്‍ കമ്പനി ടവര്‍ സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍, അംഗന്‍വാടി, ആരാധനാലയങ്ങള്‍ എന്നിവ ഇതിന് സമീപത്തുണ്ട്. പ്രദേശവാസികളായ 200 പേര്‍ ടവറിനെതിരെ രംഗത്ത് വരികയും ഇവര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു നടപടിയും ഉണ്ടായില്ല. ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ്പരാതിയുണ്ടെങ്കില്‍ ജില്ല ടെലികോം അതോറിറ്റി പരിശോധിക്കണമെന്നും പരാതിയില്‍ കഴമ്പില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നുമാണ് ഹൈകോടതി ഉത്തരവ്. കേന്ദ്ര ഏജന്‍സിയായ ടെലികോം എന്‍ഫോഴ്സ്മെൻറ് റിസോഴ്‌സ് ആന്‍ഡ് മോണിറ്ററിങ് സെല്ലാണ് വിദഗ്ധ പരിശോധന നടത്തേണ്ടത്. ഇവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചും നിർദേശം അനുസരിച്ചുമാണ് ജില്ല ടെലികോം അതോറിറ്റി ഇത്തരം പരാതികളില്‍ നടപടി സ്വീകരിക്കേണ്ടതും. ഈ ഉത്തരവുകളും മാനദണ്ഡങ്ങളുമാണ് ആങ്ങാവിളയിലെ ടവര്‍ നിര്‍മാണ വിഷയത്തില്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ ആരോഗ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനവുമായി പഞ്ചായത്ത് പോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെൻററി പാര്‍ട്ടി നേതാവ് ഗണേശന്‍ പറഞ്ഞു. atl vakkom panchayathu prathipaksha prathishedham അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ വക്കം പഞ്ചായത്ത് ഹാളില്‍ തറയിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.