ഗുരുതരാവസ്ഥയിലായ രോഗി ആശുപത്രി മുറ്റത്ത് കാത്തുകിടന്നത് നാലുമണിക്കൂർ

പേയാട്: ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗി ചികിത്സ ലഭിക്കാതെ ആശുപത്രി മുറ്റത്ത് കിടന്നത് നാലുമണിക്കൂർ. വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ഹൃദയഭേദകമായ നിമിഷങ്ങൾ അരങ്ങേറിയത്. വിളപ്പിൽശാല ചൊവ്വള്ളൂർ ഇടമല പുത്തൻവീട്ടിൽ ദാസമ്മ (78) തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഒരാഴ്ചയായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 24 മണിക്കൂറും ഓക്സിജൻ ലഭ്യമാക്കേണ്ടതിനാൽ രോഗിയെ കിടക്കകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വീടിനടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിളപ്പിൽ സാമൂഹിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാൻ ബന്ധുക്കൾ വാർഡ് അംഗത്തെ ചുമതലപ്പെടുത്തി. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന മെംബറുടെ അറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ രോഗിയെ സ്വകാര്യ ആംബുലൻസിൽ വിളപ്പിൽ സി.എച്ച്.സിയിൽ എത്തിച്ചു. എന്നാൽ, ആകെയുള്ളത് ഒരു ഓക്സിജൻ സിലിണ്ടറാണെന്നും ഇത് രോഗിക്ക് അഞ്ചുമണിക്കൂർ ഓക്സിജൻ നൽകാനേ തികയുകയുള്ളൂവെന്നും പറഞ്ഞ് ആശുപത്രി അധികൃതർ പ്രവേശനം നിഷേധിച്ചു. തുടർന്ന് രോഗിയെ ആംബുലൻസിൽ തന്നെ കിടത്തി ബന്ധുക്കളും മക്കളും കരഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും ആശുപത്രിയിലേക്ക് ഓടിയെത്തി. ആംബുലൻസിലെ ഓക്സിജനും ഏതാണ്ട് തീരുന്ന അവസ്ഥയായതോടെ ഡ്യൂട്ടി ഡോക്ടറെത്തി രോഗിയെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർച്ചയായി ഓക്സിജൻ നൽകേണ്ട രോഗിയാണെന്ന വിവരം വാർഡ് അംഗം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് വിളപ്പിൽ സി.എച്ച്.സി മെഡിക്കൽ ഓഫിസർ എലിസബത്ത് പറയുന്നു. എന്നാൽ, വിവരങ്ങളെല്ലാം പഞ്ചായത്ത് അംഗെത്ത മുൻകൂട്ടി അറിയിച്ചിരുന്നതായി ദാസമ്മയുടെ മക്കളായ സുധയും ഫ്രാൻസിസും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.