പുനലൂർ: ജില്ലയിൽ പതിനായിരക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ കല്ലടയാറ്റിൽ മാലിന്യത്തിെൻറ അളവ് വർധിക്കുന്നു. കല്ലടയാറ്റിലെ മലിനജലമാണ് വാട്ടർ അതോറിറ്റി പമ്പ് ചെയ്ത് വിതരണം ചെയ്യുന്നത്. കിഴക്കൻ മലയോരത്തുനിന്ന് ശുദ്ധജലം ഒഴുകിയെത്തുന്ന ഈ ആറ് പുനലൂരിൽ എത്തുമ്പോഴാണ് മലിനമാകുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെയും മാർക്കറ്റിലെയും ആശുപത്രികളിലെയും മാലിന്യം പൂർണമായി ആറ്റിലാണ് എത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾ, ചില ആശുപത്രികൾ എന്നിവിടങ്ങളിലെ ശൗചാലയ മാലിന്യവും ഒഴുകിയെത്തുന്നത് കല്ലടയാറ്റിലേക്കാണ്. പുനലൂർ ടൗണിൽ മാത്രം നാലു കുടിവെള്ള പദ്ധതികൾക്ക് ഈ മാലിന്യം കലർന്ന ജലമാണ് ശേഖരിക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട മീനാട് പദ്ധതിയും ഇതിൽ ഉൾപ്പെടും. ആറ് സംരക്ഷിക്കാൻ നഗരസഭ എല്ലാവർഷവും ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം. ആറ്റിൽ മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകാൻപോലും അധികൃതർ തയാറാകുന്നില്ല. ടൗണിൽ തന്നെ വിവിധ ഭാഗങ്ങളിൽനിന്ന് കല്ലടയാറ്റിൽ ചേരുന്ന കൈതോടുകൾ പൂർണമായും മാലിന്യം നിറഞ്ഞതാണ്. ചെമ്മന്തൂരിൽനിന്ന് ആരംഭിക്കുന്ന വെട്ടിപ്പുഴ തോടാണ് ഏറ്റവും മലിനം. വേനൽ കടുത്ത് ഒഴുക്ക് കുറഞ്ഞതോടെ മാലിന്യം പലയിടത്തും കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എ.കെ. നസീർ കലക്ടർക്കടക്കം പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.