പുനലൂരിൽ കുടിവെള്ളക്ഷാമം നേരിടാൻ നടപടി

പുനലൂർ: വേനൽകാലം കടുക്കുംമുമ്പ് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ സജീവ ഇടപെടൽ നടത്താൻ പുനലൂർ താലൂക്ക് വികസനസമിതി നിർദേശിച്ചു. കുടിവെള്ള വിതരണ പൈപ്പുകളിലെ ചോർച്ചയും മറ്റ് തടസ്സങ്ങളും മാറ്റി ശുദ്ധജലം നഷ്ടപ്പെടുന്നത് തടയാൻ ജല അതോറിറ്റിക്ക് നിർദേശംനൽകി. നഗരസഭയിലെ കുടിവെള്ള വിതരണപദ്ധതിയുടെ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാൻ സബ് കലക്ടർ ചിത്ര നിർദേശിച്ചു. ടൗണിൽ അനധികൃതമായി പാതയിലേക്ക് ഇറക്കിയിട്ടിട്ടുള്ള എടുപ്പുകൾ നീക്കംചെയ്യണം. പുനലൂർ വലിയപാലത്തിലെ ലൈറ്റുകൾ തെളിക്കണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിന്നിലെ കാടുകൾ നീക്കംചെയ്യാനും നിർദേശംനൽകി. ഓഖി ചുഴലിക്കാറ്റിൽ നാശം നേരിട്ടവർക്ക് നഷ്ടപരിഹാരതുക ഉടൻ തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് തഹസിൽദാർ ബി. അനിൽകുമാർ അറിയിച്ചു. കാറ്റിൽ കൃഷിനാശം നേരിട്ടവർക്കുള്ള നഷ്ടം കണക്കാക്കി റിപ്പോർട്ട് ചെയ്തതായി കൃഷി ഓഫിസർ അറിയിച്ചു. 50 ലക്ഷം നഷ്ടം കണക്കാക്കിയതിൽ 10 ലക്ഷം രൂപ ഇതുവരെ വിതരണംചെയ്തു. പാതയോരത്തും മറ്റും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് അനുമതിനൽകിയതായും സബ് കലക്ടർ പറഞ്ഞു. പുനലൂർ റെയിൽവേ അടിപ്പാതയുടെ അപ്രോച്ച് റോഡ് നിർമിക്കുന്നത് ആവശ്യമായ സ്ഥലം ഉടൻ ഏറ്റെടുക്കാൻ നടപടി ഉണ്ടാകണമെന്നും പ്രമേയം പാസാക്കി. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കരിക്കത്തിൽ പ്രേസേനൻ, ജോബോയ് പെരേര, വിവിധ വകുപ്പ് മേലാധികാരികൾ തുടങ്ങിയവർ സംസാരിച്ചു. പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ സഭയിൽ ഹാജരാകാത്തത് വിമർശനത്തിന് ഇടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.