മഹാന്മാരുടെ ജീവിതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് സംഹാരാത്മകമാണ്​ ^പി. രാമഭദ്രന്‍

മഹാന്മാരുടെ ജീവിതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് സംഹാരാത്മകമാണ് -പി. രാമഭദ്രന്‍ പത്തനാപുരം: മഹാന്മാരുടെ ജീവിതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് സംഹാരാത്മകമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ സ്വാമിവിവേകാനന്ദ​െൻറ 154ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമിവിവേകാനന്ദ​െൻറ ആദർശങ്ങളെയും ആപ്തവാക്യങ്ങളെയും സാമുദായികവര്‍ഗീയ ശക്തികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കുന്നത് വിവേകാനന്ദനെ അപമാനിക്കലാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ശാസ്ത്രീയമായും നിയമപരമായും 18 ആയി നിജപ്പെടുത്തുന്നതിന് മുമ്പാണ് ഗാന്ധിജി ഉള്‍പ്പെടെയുള്ള മഹാരഥന്മാരില്‍ മഹാഭൂരിപക്ഷവും വിവാഹം കഴിച്ചത്. അത് ഇന്ന് ബാലപീഡനമാണെന്ന് കുറ്റപ്പെടുത്തുന്നത് മഹാ അപരാധമാണ്. സമീപ ദിവസമാണ് എ.കെ.ജിയെക്കുറിച്ച് ആരോപണങ്ങളുമായി വി.ടി. ബല്‍റാം എം.എല്‍.എ രംഗത്തുവന്നത്. രാജ്യത്തി​െൻറ നെടുംതൂണുകളായ ഇത്തരം വ്യക്തികളെ അധിക്ഷേപിച്ച് നിര്‍വീര്യമാക്കുമ്പോള്‍ നമ്മുടെ രാജ്യത്തി​െൻറ ബലമാണ് നഷ്ടമാകുന്നതെന്ന് ഓര്‍ക്കണം. തല്‍സ്ഥാനത്ത് അനര്‍ഹരായ വ്യക്തികളെയും ചരിത്രത്തേയും പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ഗാത്മകമായ വിമര്‍ശനങ്ങള്‍ക്ക് പകരം സംഹാരാത്മകമായ വിരൂപപ്രക്രിയകള്‍ തീര്‍ച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് രാമഭദ്രന്‍ അഭിപ്രായപ്പെട്ടു. ഗുരുധര്‍മ പ്രചാരണ സഭ കേന്ദ്ര കമ്മിറ്റിയംഗം പിറവന്തൂര്‍ രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എച്ച് സലിംരാജ്, കെ. കൃഷ്ണന്‍ കുട്ടിനായര്‍, മോഹനന്‍ നായര്‍, ചന്ദ്രശേഖരന്‍, ജയ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവന്‍ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്‍ നന്ദിയും സ്‌നേഹരാജ്യം ചീഫ് എഡിറ്റര്‍ പി.എസ്. അമല്‍രാജ് സ്വാഗതവും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.