തിരുവനന്തപുരം: കോർപറേഷൻ നടപ്പാക്കുന്ന സ്മാർട്ട്സിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ശേഷിയുള്ള കൺസൾട്ടൻസിയുടെ സാങ്കേതികവിലയിരുത്തൽ ബുധനാഴ്ച നടക്കും. ഉച്ചക്കു ശേഷം സ്മാർട്ട് സിറ്റി കമ്പനി സി.ഇ.ഒയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കമ്പനി പ്രതിനിധികളെത്തി തങ്ങളുടെ സാങ്കേതിക മികവ് വിശദീകരിക്കും. കൺസൾട്ടൻസിയാകാൻ ടെൻഡർ സമർപ്പിച്ച മൂന്ന് കമ്പനികളുടെയും സാങ്കേതിക പരിശോധന നടത്താൻ അഞ്ച് അംഗ സമിതിക്ക് കഴിഞ്ഞ ബോർഡ് യോഗം രൂപം നൽകിയിരുന്നു. സ്മാർട്ട് സിറ്റി സി.ഇ.ഒ കെ.എം. ബീനയെ കൂടാതെ ഫിനാൻസ് എക്‌പെൻഡിച്ചർ സെക്രട്ടറി ശർമിള മേരി ജോസഫ്, തദ്ദേശഭരണ (അർബൺ) സെക്രട്ടറി ബി. അശോക്, കോർപറേഷൻ സെക്രട്ടറി എൽ.എസ്. ദീപ, ടൗൺ പ്ലാനർ രമണൻ എന്നിവരടങ്ങുന്നതാണ് പരിശോധന സമിതി. സാങ്കേതികതലത്തിൽ മുന്നിട്ട് നിൽക്കുന്ന കമ്പനിയുടെ ഫിനാൻഷ്യൽ ബിഡാകും തുറക്കുക. സാങ്കേതിക മികവുള്ള കമ്പനിയെ മാത്രമേ കൺസൾട്ടൻസിയായി പരിഗണിക്കൂവെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ ടെൻഡർ സമർപ്പിച്ച മൂന്ന് കമ്പനികളും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നിനും മികവ് പ്രകടിപ്പിക്കാനായില്ലെങ്കിൽ പുതിയ കമ്പനികളെ കണ്ടെത്താനായി വീണ്ടും അപേക്ഷ ക്ഷണിക്കേണ്ടിവരും. സ്റ്റേറ്റ് മിഷൻ മാനേജ്മെൻറ് കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നത്. അതേസമയം, കൺസൾട്ടൻസിയെ ഏൽപിക്കാതെ കോർപറേഷൻ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തിൽ കഴിഞ്ഞ സ്മാർട്ട്സിറ്റി ബോർഡ് യോഗത്തിൽ തീരുമാനമായിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ നഗരത്തിലെ 135 സ്ഥലങ്ങളിൽ സ്മാർട്ട് ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് കോർപറേഷൻ തുടക്കം കുറിച്ചു. ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ, സൗജന്യ വൈഫൈ, കുടിവെള്ള സംവിധാനം, ടോയ്ലെറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ സ്ഥാപിക്കുന്ന ബസ്സ്റ്റോപ്പുകൾ ഒരേ മാതൃകയിലാണ്. പൊതുജനാഭിപ്രായം ആരാഞ്ഞാണ് മാതൃക സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. കൂടാതെ, നഗരത്തിൽ പത്തോളം കേന്ദ്രങ്ങളിൽ കുടിവെള്ള കിയോസ്‌ക്കുകൾ, 22 കേന്ദ്രങ്ങളിൽ ടോയ്ലെറ്റ് സൗകര്യം, വിവിധയിടങ്ങളിൽ വൈഫൈ ലോഞ്ചുകൾ തുടങ്ങി 20 കോടിയുടെ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.