കരമന^-കളിയിക്കാവിള രണ്ടാം ഘട്ടം എന്ന് തുടങ്ങും ?

കരമന-കളിയിക്കാവിള രണ്ടാം ഘട്ടം എന്ന് തുടങ്ങും ? നേമം: കരമന--കളിയിക്കാവിള ഒന്നാം ഘട്ടം പാത വികസനം കഴിഞ്ഞ് രണ്ടുവർഷം തികയാൻ ഇനി രണ്ടുമാസം മാത്രമേയുള്ളൂ. രണ്ടാം ഘട്ട പാത വികസനം ഇപ്പോഴും ഒന്നുമായിട്ടില്ല. പ്രാവച്ചമ്പലം മുതലുള്ള ഇടുങ്ങിയ പഴയ റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ദേശീയപാത 47​െൻറ കരമന മുതൽ കളിയിക്കാവിളവരെ നീളുന്ന 30 കിലോമീറ്റർ ദൂരം 30.1 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ നിശ്ചയിച്ച് പണിയാരംഭിച്ചത് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ്. അതിൽ കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള 6.5 കിലോമീറ്റർ ഒന്നാം ഘട്ടമായി പ്രഖ്യാപിച്ച് 2016 മാർച്ച് -ഒന്നിന് നിർമാണം പൂർത്തിയാക്കി. ഈ സർക്കാർ അധികാരത്തിലേറി 21 മാസം പൂർത്തിയായിട്ടും പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള രണ്ടാം ഘട്ടത്തിന് സ്ഥലമേറ്റെടുത്തിട്ടും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. പ്രാവച്ചമ്പലം മുതൽ കൊടിനടവരെ 266 കോടി ചെലവിട്ട് സ്ഥലം ഏറ്റെടുത്തിട്ട് വർഷം ഒന്നു കഴിഞ്ഞു. ഇത്രയും ദൂരത്തിൽ ഇരു വശത്തെയും കച്ചവട സ്ഥാപനങ്ങളും വീടുകളും ഒഴിപ്പിച്ചു. സ്ഥലം റവന്യു വകുപ്പിന് കീഴിലുമായി. ഇനി സർക്കാർ ടെൻഡർ വിളിച്ച് റോഡ് നിർമാണം നടപ്പാക്കുകയാണ് വേണ്ടത്. എന്നാൽ, ബാലരാമപുരം ജങ്ഷനിലെ സ്ഥലം ഏറ്റെടുപ്പ് എത്ര വേണമെന്നോ എങ്ങനെ വേണമെന്നോ ജങ്ഷനിൽ അണ്ടർ പാസാണോ ഓവർബ്രിഡ്ജാണോ വേണ്ടതെേന്നാ ഒന്നും തീരുമാനമായിട്ടില്ല. കൂടാതെ പദ്ധതിയുടെ ഭാഗമായ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള 18 കിലോമീർ ദൂരത്തിൽ റോഡ് അലൈൻമ​െൻറ് പോലുമായിട്ടില്ല. ഇതുകാരണം ബാലരാമപുരം മുതലുള്ള ഇരുവശത്തെയും ഇരകൾക്ക് വസ്തു ക്രയവിക്രയങ്ങൾക്കോ കെട്ടിടനിർമാണങ്ങൾക്കോ കഴിയാത്ത സ്ഥിതിയാണ്. സ്ഥലം ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പാത വികസനം നടപ്പാക്കാത്തത് ഇതുവഴിയുള്ള യാത്രക്കാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്. നാട്ടുകാരെ ഇനിയും വലക്കാതെ രണ്ടാം ഘട്ട പാത വികസനം അടിയന്തരമായി തുടങ്ങണമെന്നാണ് ആക്ഷൻ കൗൺസിലി​െൻറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.