നിതി ആയോഗ് രാജ്യത്തെ പിന്നോട്ട് വലിക്കുന്നു -ഉമ്മൻ ചാണ്ടി പേരൂര്‍ക്കട: പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്ര സർക്കാറിന് സാങ്കേതിക ഉപദേശം നൽകുന്ന നിതി ആയോഗ് രാജ്യത്തിെൻറ വളർച്ചയെ പിന്നോട്ട് വലിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അസൂത്രണ കമീഷൻ പിരിച്ചുവിട്ട് പകരം നിലവിൽ വന്ന നിതി ആയോഗ് ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ മുതലാളിമാർക്ക് തീറെഴുതി കൊടുക്കുകയാണ്. നിതി ആയോഗിെൻറ മറവിൽ പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ (ഹിന്ദുസ്ഥാൻ ലാറ്റക്സ്) സ്വകാര്യ മേഖലക്ക് വിൽക്കാനുള്ള ശ്രമം ചെറുക്കുമെന്നും അേദ്ദഹം പറഞ്ഞു. എച്ച്.എൽ.എൽ ലൈഫ് കെയർ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജീവനക്കാർ പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിക്ക് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാൻ ലാറ്റക്സ് വിൽക്കാൻ കേന്ദ്ര സർക്കാർ തയാറായാൽ ഭൂമി തിരികെ എടുക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്നും സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സംയുക്ത സമരസമതി ജനറൽ കൺവീനർ വി.ആർ. പ്രതാപൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി പാലോട് രവി, ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ ചെയർമാൻ രാജ്മോഹൻ, സമരസമിതി കൺവീനർ നന്ദകുമാർ, ജയപ്രകാശ് (സി.ഐ.ടി.യു), അജയ് കെ. പ്രകാശ് (എ.ഐ.ടി.യു.സി), സുനിൽ (ബി.എം.എസ്), ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.