കാപ്പിൽ കൊച്ചുകായൽ ടൂറിസം പദ്ധതി ഉപേക്ഷിക്കപ്പെട്ടനിലയിൽ

വർക്കല: കൊല്ലം--തിരുവനന്തപുരം ജില്ലകളുടെ അതിർത്തിപ്രദേശമായ ഇടവ ഗ്രാമപഞ്ചായത്തിലെ ടൂറിസം പദ്ധതികൾ അവതാളത്തിൽ. ഏറെ പ്രതീക്ഷ നൽകിയ വെറ്റക്കട കടലിനോട് ചേർന്നുകിടക്കുന്ന കൊച്ചുകായൽ നവീകരിച്ച് ടൂറിസം പാർക്ക് നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇടവയിലും കാപ്പിലുമായി കേന്ദ്രാവിഷ്കൃതവും സംസ്ഥാന സർക്കാറിേൻറതുമായി കൊണ്ടുവന്ന എല്ലാ പദ്ധതികളും മുടങ്ങിയിരിക്കയാണ്. വെറ്റക്കട തൈക്കാവിന് പിന്നിലെ കൊച്ചുകായൽ നീരൊഴുക്ക് പുനഃസ്ഥാപിച്ച് ഉദ്യാനമാക്കാനാണ് കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് അനുമതി ലഭിച്ചത്. വർക്കല കഹാർ എം.എൽ.എ ആയിരുന്ന കാലത്താണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ഫണ്ടും ലഭിച്ചത്. നടപടികൾ പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പണികൾ നടക്കുന്നതിനിടയിലാണ് സമീപവാസികൾ പദ്ധതിപ്രദേശത്ത് അവരുടെ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ പദ്ധതി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. ഇതോടെ കൊച്ചുകായൽ നവീകരണവും ഉദ്യാനനിർമാണവും അനിശ്ചിതത്വത്തിലായി. കഴിഞ്ഞ സർക്കാറി​െൻറ അവസാനകാലത്ത് പ്രവൃത്തി പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കും മുേമ്പ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ നിർത്തിവെക്കപ്പെട്ട പദ്ധതി ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. 80 ലക്ഷം രൂപയുടേതാണ് നിർദിഷ്ട വെറ്റക്കട ടൂറിസം ഉദ്യാനനിർമാണ പദ്ധതി. ജലാശയവും കൃത്രിമ വെള്ളച്ചാട്ടവും ശിൽപങ്ങളും കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സംവിധാനങ്ങളും കടൽ കണ്ടിരിക്കാനുള്ള ഇരിപ്പിടങ്ങളും പുൽത്തകിടിയും വൈദ്യുതവിളക്കുകളും ഉൾപ്പെട്ടതായിരുന്നു ഇത്. കടലും അതിന് അഭിമുഖമായി കായലുമുള്ള അപൂർവ പ്രകൃതിയാണ് ഇടവ, വെറ്റക്കട, കാപ്പിൽ തീരത്തുള്ളത്. ഈ സൗഭാഗ്യങ്ങളുടെ സൗന്ദര്യം ചോർന്നുപോകാതെയും പ്രകൃതിക്കും പരിസ്ഥിതിക്കും ഹാനികരമാകാതെയുമാണ് ടൂറിസം വികസനപദ്ധതികളെല്ലാം ആവിഷ്കരിച്ചതും സർക്കാർ വകുപ്പുകളുടെ അനുമതി ലഭിച്ചതും. എന്നാൽ, അനാവശ്യമായ വിവാദങ്ങളിലൂടെ രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ചിലർ ശ്രമിക്കുന്നതാണ് പദ്ധതികൾ താളംതെറ്റാൻ കാരണമെന്നാണ് ആരോപണം. കൊച്ചു കായൽ ഉദ്യാനപദ്ധതിക്ക് പുറമെ എട്ടുകോടിയുടെ സീ ലൈഫ് ലഷർ പാർക്ക്, നാലു കോടിയുടെ പ്രിയദർശിനി ബോട്ട് ക്ലബ് പദ്ധതി, ബോട്ട് ക്ലബ് സമുച്ചയത്തിൽ തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ നേവിയുടെ പരിശീലനകേന്ദ്രം, സീ പ്ലെയിൻ ലാൻഡിങ് ബേസ്, ഇവയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള രണ്ടുകോടിയുടെ വൈദ്യുത വഴിവിളക്ക് ശൃംഖല എന്നീ പദ്ധതികളെല്ലാം ഒന്നിനുപുറകെ ഒന്നായി നഷ്ടപ്പെട്ടു. കാപ്പിൽ കായലിൽ ടൂറിസം വികസനഭാഗമായി നിർമിച്ച ആറോളം ബോട്ട് ജട്ടികളും ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇതോടെ കാപ്പിൽ ബോട്ട് ക്ലബും അവഗണനയുടെ ചുഴിയിലകപ്പെട്ടു. ഈ സാഹചര്യത്തിലാണ് കൊച്ചുകായൽ ഉദ്യാനപദ്ധതിയെ നാട്ടുകാർ ഗാർഹികമാലിന്യവും അറവുമാലിന്യവും തള്ളാനുള്ള കുപ്പത്തൊട്ടിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.