നഷ്​ടമായത് നാടൻകലകളുടെ തോഴനെ

പാലോട്: നാടൻകലകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് അന്തരിച്ച ആട്ടുകാൽ കഴക്കുന്ന് വീട്ടിൽ ഭാനു ആശാൻ. കേരള ഫോക്‌ലോർ അക്കാദമി അവാർഡും കേരള സംഗീത നാടക അക്കാദമി അവാർഡും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ കാഷ് അവാർഡും ഉൾെപ്പടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം. 13ാം വയസ്സിൽ തുടങ്ങിയ കലാജീവിതത്തിൽ വിദേശികളടക്കം നൂറുകണക്കിന് ശിഷ്യരെ സമ്പാദിക്കാൻ ആശാന് സാധിച്ചു. ദരിദ്രമായ ചുറ്റുപാടിലും ഗുരുകൃപ എന്ന നാടൻ കലാകേന്ദ്രം സ്ഥാപിച്ച് അനേകം പ്രതിഭകൾക്ക് ഉപജീവനത്തിന് വഴിയൊരുക്കി. പ്രതിഫലം വാങ്ങാതെയായിരുന്നു പരിശീലനം. സംസ്ഥാന മത്സര വേദികളിൽ തിരുവാതിരക്കളിയുടെ ജഡ്ജായും സംഗീത നാടക അക്കാദമിയുടെ നൃത്തശിൽപശാലയിൽ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 'ചരടുപിന്നിക്കളി' എന്ന നൃത്തരൂപത്തിലൂടെ കൃഷ്ണനാട്ടത്തിന് പുതിയ രൂപഭാവങ്ങൾ പകർന്നേകി. വാർധക്യത്തിലും ചുവടുപിഴയ്ക്കാതെ കർമനിരതനായിരുന്ന ആശാൻ ഏതാനും വർഷമായി വീട്ടിൽ കിടപ്പിലായിരുന്നു. ആശാ​െൻറ വിയോഗ വാർത്തയറിഞ്ഞ് നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം വൻ ജനാവലി അന്ത്യോപചാരമർപ്പിച്ചു. പരേതയായ വാസന്തിയാണ് ഭാര്യ. മൂത്ത മകൾ പ്രഫുല്ലകുമാരിയെ സംസ്ഥാന ടൂറിസം, ഫോക്‌ലോർ അക്കാദമികൾ മികച്ച കലാകാരിയായി െതരഞ്ഞെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.