തിരുവനന്തപുരം: കോർപറേഷനിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 288 ശുചീകരണ തൊഴിലാളികളിൽ 287 പേരെ സ്ഥിരപ്പെടുത്താൻ കൗൺസിൽ യോഗത്തിൽ തീരുമാനം. നാലുവർഷമായി കോർപറേഷൻ പരിധിയിലെ വിവിധ വാർഡുകളിൽ ജോലിചെയ്തുവന്നവരാണിവർ. ശാസ്തമംഗലം സർക്കിളിലെ രമ മരിച്ചുപോയതിനാൽ അവർ ഒഴികെ 287 പേരെയാണ് പരിഗണിച്ചത്. എന്നാൽ, ഇതിൽ അഴിമതിയും സ്വജനപക്ഷപാതവും കടന്നുകൂടിയിട്ടുണ്ടെന്നും ഭരണപക്ഷ സംഘടനകൾ അവകാശവാദം ഉന്നയിച്ച് ഫ്ലക്സ് ബോർഡുകൾ നിരത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. എന്നാൽ, എല്ലാ മാനദണ്ഡവും പാലിച്ചാണ് നടപടികൾ കൈക്കൊണ്ടതെന്നും ഒരഴിമതിയും ഇക്കാര്യത്തിൽ സംഭവിച്ചിട്ടില്ലെന്നുമുള്ള മേയറുടെ മറുപടിയിൽ അജണ്ട അംഗീകരിക്കുകയായിരുന്നു. ഇതിനിടെ വിളപ്പിൽശാല മാലിന്യസംസ്കരണ പ്ലാൻറ് പൂട്ടിയപ്പോൾ അന്നവിടെ ജോലിചെയ്തിരുന്ന 165 പേരെയും കൊതുകുനിവാരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവന്ന 23 പേരെയും സ്ഥിരപ്പെടുത്തണമെന്ന് യു.ഡി.എഫ്- ബി.ജെ.പി അംഗങ്ങൾ വാദിച്ചു. എന്നാൽ, 165 പേരുടെ കാര്യത്തിൽ രണ്ടുതവണ റസല്യൂഷൻ പാസാക്കി സർക്കാറിലേക്ക് അയച്ചെങ്കിലും സർക്കാർ അത് നിരസിക്കുകയായിരുന്നുവെന്ന് േമയർ ചൂണ്ടിക്കാട്ടി. കൂടാതെ 23 പേരുടെ കാര്യത്തിൽ യോഗ്യത സംബന്ധിച്ച് ഹൈകോടതിയിൽ കേസ് നിലനിൽക്കുകയാണ്. നിലവിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കോടതി നിർേദശപ്രകാരം അവർ ജോലിചെയ്യുകയാണെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശ്രീകുമാറും അറിയിച്ചു. കോർപറേഷനിലെ ശുചീകരണവിഭാഗത്തിൽ 914 അംഗീകൃത തസ്തികകളാണുള്ളത്. അതിൽ 518 പേരാണ് ഇപ്പോൾ ജോലിചെയ്യുന്നത്. 396 ഒഴിവുകൾ നിലവിലുണ്ട്. അതിലേക്കാണ് 287 പേർക്ക് ഇപ്പോൾ സ്ഥിരം നിയമനം നൽകുന്നത്. പനിയും പകർച്ചവ്യാധികളും വ്യാപകമായി റിപ്പോർട്ട് ചെയ്ത തലസ്ഥാനനഗരത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഇപ്പോൾ താളം തെറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. സിക ൈവറസ് ഉൾെപ്പടെ പുതിയതരം മാരകരോഗങ്ങൾ രാജ്യത്ത് പലേടത്തും വന്നുകഴിഞ്ഞു. കാര്യക്ഷമമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യവിഭാഗത്തിൽ ജീവനക്കാർ ഇല്ലെന്നും അവർ കുറ്റപ്പെടുത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേക്കും ഡോക്ടർമാരുടെ ഒഴിവുകളിലേക്കും ഇൻറർവ്യൂ നടത്തിയെങ്കിലും ഡോക്ടർമാർ ആരും ഇൻറർവ്യൂവിൽ പെങ്കടുക്കാൻ എത്തിയില്ല. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ നികത്തുന്നകാര്യം അനിശ്ചിതത്വത്തിലാണെന്നും ശ്രീകുമാർ അറിയിച്ചു. അതേസമയം സർക്കാർ നടത്തുന്ന ആരോഗ്യ ജാഗ്രത പദ്ധതിക്കൊപ്പം അനന്തപുരി ആരോഗ്യസേനക്ക് രൂപം നൽകി പ്രവർത്തനം ഉൗർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉത്സവ സീസണുകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ പലേടത്തും തെരുവുവിളക്കുകൾ കത്തിക്കാൻ കോർപറേഷന് കഴിയാത്തത് വീഴ്ചയാണെന്ന ആക്ഷേപങ്ങളും യോഗത്തിൽ ഉയർന്നു. കൗൺസിലർമാരായ വി.ആർ. സിനി, വി.ജി. ഗിരികുമാർ, ജോൺസൺ ജോസഫ്, സോളമൻ വെട്ടുകാട്, പാളയം രാജൻ, എസ്. പുഷ്പലത, ബീമാപള്ളി റഷീദ്, ഡി. അനിൽകുമാർ, എം.ആർ. ഗോപൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.