സുരക്ഷനടപടികൾക്ക് ഫലംകാണുന്നു; റോഡപകടങ്ങളും അപകടമരണങ്ങളും കുറഞ്ഞു

തിരുവനന്തപുരം: ഗതാഗതസുരക്ഷക്കായി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2016ൽ 39420 റോഡപകടങ്ങളുണ്ടായപ്പോൾ 2017ൽ അത് പ്രാഥമിക കണക്കുകൾ പ്രകാരം 38462 ആണ്. 2016ൽ 4287 മരണങ്ങളുണ്ടായപ്പോൾ 2017ൽ 4035 ആയി കുറഞ്ഞു. ഗുരുതര പരിക്കേറ്റവരുടെ എണ്ണം 30100 എന്നത് 29471 ആയും പരിക്കേറ്റവരുടെ എണ്ണം 14008 എന്നത് 12840 ആയും കുറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കുന്നതിന് നിരവധിപദ്ധതികൾ സർക്കാറും പൊലീസും മോട്ടോർ വാഹനവകുപ്പും മറ്റ് ഏജൻസികളും ആവിഷ്കരിച്ചിരുന്നു. സ്കൂൾ കുട്ടികളുടെ സഹായത്തോടെ ബോധവത്കരണം നടത്തുന്നതിനുള്ള ശുഭയാത്ര പദ്ധതി, അപകടത്തിൽപെട്ടവർക്ക് വേഗത്തിൽ ചികിത്സ കിട്ടുന്നതിന് സോഫ്റ്റ് പദ്ധതി (Save our Fellow) തുടങ്ങിയവ കേരള പൊലീസ് ആവിഷ്കരിച്ചത് ഇതി​െൻറ ഭാഗമായാണ്. ഇതിൽ സോഫ്റ്റ് പദ്ധതിക്ക് ദേശീയ അംഗീകാരവും ലഭിച്ചിരുന്നു. കൂടുതൽ അപകടങ്ങൾ നടന്ന മേഖലകൾ കണ്ടെത്തി പൊലീസിനെ വിന്യസിച്ചതും പൊലീസും മോട്ടോർ വാഹനവകുപ്പും ഉൾപ്പെടെയുള്ള ഏജൻസികൾ കൂടുതൽ നിരീക്ഷണ കാമറകളും ഇൻറർസെപ്റ്റർ പോലുള്ള ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചതും അപകടങ്ങൾ കുറയാൻ സഹായിച്ചിട്ടുണ്ട്. അലക്ഷ്യമായ പാർക്കിങ് ഒഴിവാക്കാനുള്ള നടപടികളും രൂപംമാറ്റിയ വാഹനങ്ങൾക്ക് എതിരെയുള്ള നടപടികളും കൈക്കൊണ്ടതും അപകടങ്ങൾ കുറയാൻ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.