വർഷങ്ങൾക്ക് മുമ്പ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് ആറ്റിനുകിഴക്കക്കരയിൽ വനത്തിനോട് ചേർന്നുള്ള ചണ്ണമലയിൽ സ്ഥലം വാങ്ങിയതല്ലാതെ തുടർനടപടികളുണ്ടായില്ല കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിെൻറ മാലിന്യ സംസ്കരണ പ്ലാൻറ് നിർമാണം വർഷങ്ങളായി ഫയലുകളിലുറങ്ങുന്നു. മാലിന്യംനിറഞ്ഞ് ദുർഗന്ധമായി പാതയോരങ്ങളും നീർച്ചാലുകളും. വർഷങ്ങൾക്ക് മുമ്പ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് ആറ്റിനുകിഴക്കക്കരയിൽ വനത്തിനോട് ചേർന്നുള്ള ചണ്ണമലയിൽ സ്ഥലം വാങ്ങിയതല്ലാതെ തുടർ നടപടികളില്ലാതെ പദ്ധതി നിലച്ച അവസ്ഥയിലാണിപ്പോൾ. പ്ലാൻറിനായി അധികൃതർ വാങ്ങിയ സ്ഥലത്ത് ഇൻസിനേറ്റർ സ്ഥാപിച്ച് മാലിന്യം സംസ്കരിക്കുന്നതിനാണ് പദ്ധതിയിട്ടതെങ്കിലും ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വനമേഖലയിൽ ഉൾപ്പെട്ട പരിസ്ഥിതി ദുർബല പ്രദേശമായതിനാൽ വൈദ്യുതിയെത്തിച്ച് മാലിന്യം കത്തിക്കുകയെന്നത് പ്രാവർത്തികമാകാൻ ഏറെ സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ കുളത്തൂപ്പുഴ ടൗണിൽ ദൈനംദിനമുണ്ടാകുന്ന പച്ചക്കറി മാലിന്യങ്ങളും കടകളിൽ നിന്നുള്ളവയും പൊതുമാർക്കറ്റിന് മുന്നിൽ കൂട്ടിയിട്ട് ഇവിടെനിന്നും വാഹനത്തിൽ ചണ്ണമലയിലെ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാൻറിലെത്തിച്ച് കൂട്ടിയിടുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും ഇറച്ചികടകളിൽ നിന്നുമുള്ളവയുമെല്ലാം ഒന്നിച്ച് കൂട്ടിയിട്ട് ദിവസങ്ങൾ കഴിയുമ്പോൾ കത്തിക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിച്ചിട്ടുള്ളത്. അതേസമയം ഗ്രാമപ്രദേശങ്ങളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ഒരുനടപടികളും ഇനിയും സ്വീകരിച്ചിട്ടില്ല. അതിനാൽ രണ്ടരയും മൂന്നും സെൻറുവീതം സ്ഥലമുള്ള കോളനി പ്രദേശത്തെ വീടുകളിൽനിന്നും ദിനംപ്രതിയുണ്ടാവുന്ന ജൈവമാലിന്യങ്ങൾ കുഴിച്ചിടുകയോ മറ്റോ ചെയ്യാമെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും കവറുകളിൽ കെട്ടി മിക്കപ്പോഴും പാതയോരത്ത് ഉപേക്ഷിക്കുകയാണ് പതിവ്. ചിലയിടങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ ചപ്പുചവറുകൾക്കൊപ്പം കൂട്ടിയിട്ട് കത്തിക്കുന്നവരുമുണ്ട്. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പദ്ധതി തയാറാക്കി നടപ്പിൽവരുത്താൻ തയാറാകാത്ത അധികൃതർ പൊതുജനങ്ങൾ മാലിന്യങ്ങൾ തങ്ങളുടെ വീടുകളിൽ സംസ്കരിക്കണമെന്ന് പറയുമ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും എപ്രകാരം സംസ്കരിക്കണമെന്ന് കൂടി പറഞ്ഞ് തരണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെടുന്നു. കോഴിക്കടകളിലേയും ഇറച്ചിക്കടകളിലേയും മാലിന്യം പൊതുജനങ്ങൾക്ക് ശല്യമുണ്ടാകാത്തവിധം സംസ്കരിക്കപ്പെടുെന്നന്ന് ഉറപ്പ് വരുത്താൻ അധികൃതർ തയാറാകണമെന്നും അല്ലാത്തവക്ക് പ്രവർത്തനാനുമതി നൽകാതിരിക്കുകയോ ഗ്രാമപഞ്ചായത്ത് ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയോ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.