പാതിരാത്രിയിൽ അക്രമിസംഘം വീടുകയറി അമ്മയെയും മകനെയും വെട്ടി; അക്രമികളിലൊരാൾക്കും ഗുരുതര പരിക്ക്

വര്‍ക്കല: അക്രമിസംഘം പാതിരാത്രിയില്‍ വീടുകയറി അമ്മയെയും മകനെയും വെട്ടി. അക്രമിസംഘത്തില്‍പ്പെട്ട ഒരാൾക്കും വെട്ടേറ്റു. മേല്‍വെട്ടൂര്‍ കയറ്റാഫിസ് കാട്ടുവിള ലക്ഷംവീടിന് സമീപം കാട്ടുവിള വീട്ടില്‍ രമണി (50), മകന്‍ ഷിബുരാജ് (29) എന്നിവരെയാണ് അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചത്. ഓട്ടോയിലെത്തിയ മൂന്നംഗസംഘമാണ് അക്രമം നടത്തിയത്. അക്രമി സംഘത്തിലെ വക്കം സ്വദേശി പ്രാവ് ഉണ്ണി എന്ന വിഷ്ണുവിനു തലയിലും കഴുത്തിലും വെട്ടേറ്റു. വിഷ്ണു ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒന്നരയോടെയായിരുന്നു സംഭവം. അർധരാത്രിയിൽ പട്ടികുരക്കുന്നതുകേട്ട് രമണിയും ഷിബുരാജും പുറത്തിറങ്ങിയപ്പോഴാണ് ആയുധങ്ങളുമായെത്തിയ അക്രമികള്‍ വെട്ടിപ്പരിക്കേൽപ്പിച്ചത്. രമണിയുടെ കൈവിരലിനും ഷിബുരാജി​െൻറ ഇടതുകൈക്കും വെട്ടേറ്റു. വെട്ടേറ്റ ഷിബുരാജ് നിലത്തുവീണ് ഉരുണ്ടുമാറി. തുടര്‍ന്നാണ് സംഘത്തിലുണ്ടായിരുന്ന വിഷ്ണുവിന് വെട്ടേറ്റത്. ഇരുട്ടായിരുന്നതിനാല്‍ ഷിബുരാജാണെന്ന് കരുതി ആളുമാറി വിഷ്ണുവിനെ വെട്ടുകയായിരുന്നെന്ന് സംശയിക്കുന്നു. അമ്മയുടെയും മക‍​െൻറയും നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഓട്ടോ ഡ്രൈവറും അക്രമികളിലൊരാളും കടന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിഷ്ണുവിനെ പൊലീസ് തന്നെ 108 ആംബുലന്‍സ് വരുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രമണിയും ഷിബുരാജും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. രമണിയുടെ വീട്ടില്‍ പശുക്കളെയും ആടുകളെയും മറ്റു വളര്‍ത്തുന്നുണ്ട്. ഇവ മോഷ്ടിക്കാനെത്തിയതാണോയെന്നും പൊലീസ് സംശയിക്കുന്നു. മറ്റ് പ്രതികളെ കണ്ടെത്താനായിട്ടില്ല. വര്‍ക്കല പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.