റാങ്കിങ് മെച്ചപ്പെടണം, പക്ഷേ സൗകര്യം ഒരുക്കാനാവില്ല: യാത്രക്കാർക്ക് ഇരിപ്പിടം പോലുമില്ലാതെ ഒരു വിമാനത്താവളം

*രാജ്യാന്തര ടെർമിനലിന് ഉള്ളിലും പുറത്തും ഇരിക്കാൻ സൗകര്യമില്ല * കൺവെയർ ബെൽറ്റുകൾ അപര്യാപ്തം, ട്രോളികൾ കുറവ് തിരുവനന്തപുരം: സേവന റാങ്കിങ്ങില്‍ ഒന്നാമതെത്താനായി തിരുവനന്തപുരം വിമാനത്താവളം കുതിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ യാത്രക്കാര്‍ വലയുന്നു. രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാർ ടെര്‍മിനലിനുള്ളില്‍ ഇരിക്കാന്‍ ഇരിപ്പടം പോലും ഇല്ലാതെ നിലത്ത് ഇരിക്കേണ്ടിവരുന്ന അവസ്ഥയിലാണ്. എമിഗ്രഷന്‍ പരിശോധനകള്‍ കഴിഞ്ഞ് ലഗേജിനായി കാത്തുനില്‍ക്കുന്നവര്‍ക്ക് വിമാനത്താവളത്തിൽ ഒന്ന് ഇരിക്കാന്‍പോലും സംവിധാനമില്ല. പലരും നിലത്താണ് ഇരിക്കുന്നത്. കോടികള്‍ മുടക്കി നിർമിക്കുകയും ഇപ്പോഴും വികസനത്തിനെന്ന പേരില്‍ യാത്രക്കാരില്‍നിന്ന് യൂസേഴ്സ് ഫീ പിരിക്കുകയും ചെയ്യുന്ന വിമാനത്താവളത്തിലാണ് ഈ അവസ്ഥ. യാത്രക്കാരെ സ്വീകരിക്കാൻ ടെര്‍മിനലിന് പുറത്ത് കാത്തുനില്‍ക്കുന്നവർക്കും ഇരിക്കാന്‍ ടെര്‍മിനലിന് മുന്നില്‍ സംവിധാനങ്ങളില്ല. പലരും മണിക്കൂറുകള്‍ കാത്തുനിന്ന് വലയുമ്പോള്‍ പുറത്ത് തറയിലാണ് ഇരിക്കുന്നത്. ലഗേജുകള്‍ കിട്ടാതെ യാത്രക്കാര്‍ വലയുന്ന അവസ്ഥയുമുണ്ട്. രാജ്യാന്തര ടെര്‍മിനലില്‍ ലഗേജുകള്‍ എത് കണ്‍വേയര്‍ ബെല്‍റ്റിലാണ് എത്തുന്നതെന്ന് അറിയാതെ യാത്രക്കാര്‍ നാല് ബെല്‍റ്റുകളിലേക്കും മാറിമാറി ഓടേണ്ട അവസ്ഥയാണ്. ഇതിനിടെ ലഗേജുകള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ട്. ഇതിന് പുറമേ വിമാനത്തില്‍നിന്ന് ലഗേജുകള്‍ കണ്‍വേയര്‍ െബല്‍റ്റിലേക്ക് എത്തുന്നതിനിടെ കീറി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങളുമുണ്ട്. യാത്രക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പൊലീസ് സി.സി ടി.വി കാമറകളുടെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് കരാര്‍ ജീവനക്കാരെ പിടികൂടിയിരുന്നു. നൂറുകണക്കിന് യാത്രക്കാര്‍ ഒരേസമയം എത്തുന്ന വിമാനത്താവളത്തില്‍ ആകെയുള്ളത് നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍ മാത്രമാണ്. ഇതില്‍ ഒരണ്ണം ആഭ്യന്തര യാത്രക്കാരാണ് ഉപയോഗിക്കുന്നത്. ലഗേജുകള്‍ കിട്ടിയാല്‍ പുറത്തേക്ക് എത്തിക്കാന്‍ ട്രോളികള്‍ കിട്ടാത്ത അവസ്ഥയുമുണ്ട്. ട്രോളി സേവനം സ്വകാര്യ എജന്‍സിക്ക് നല്‍കിയത് കാരണം പുറത്തേക്ക് കൊണ്ടുവരുന്ന ട്രോളികള്‍ ജീവനക്കാർ തിരികെ ടെര്‍മിനലിനുള്ളില്‍ കൊണ്ടുവന്ന് ഇടാറില്ല. യാത്രക്കാര്‍ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ജീവനക്കാര്‍ പുറത്തുകിടക്കുന്ന ട്രോളികള്‍ ടെര്‍മിനലിനുള്ളില്‍ എത്തിക്കുന്നത്. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ റാങ്കിങ്ങില്‍ തിരുവനന്തപുരം വിമാനത്താവളം രണ്ടുവര്‍ഷം മുമ്പ് ഒന്നാമതെത്തിയിരുന്നു. പിന്നീട് ടെര്‍മിനലിനുള്ളിലെ ടോയ്ലറ്റ് മോശമായ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റാങ്കിങ്ങില്‍ താേഴക്കുപോയി. വീണ്ടും ഒന്നാമത് എത്തുന്നതിനുള്ള ശ്രമങ്ങള്‍ കൊണ്ട് പിടിച്ച് നടക്കുന്നതിനിടെയാണ് യാത്രക്കാര്‍ ടെര്‍മിനലിനുള്ളില്‍ സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ 97 വിമാനത്താവളങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം 15.88 കോടിയുടെ ലാഭം നേടിയിരുന്നു. അഞ്ച് മില്യണ്‍ യാത്രക്കാർ വരെയുള്ള വിമാനത്താവളങ്ങളുടെ ലോക റാങ്കിങ്ങില്‍ തിരുവനന്തപുരം അഞ്ചാമതാണ്. ക്യാപ്ഷന്‍: ഇരിപ്പിടങ്ങള്‍ ഇല്ലാത്തകാരണം ടെര്‍മിലിനുള്ളിലും ടെര്‍മിനലിന് പുറത്തും നിലത്തിരിക്കുന്നവര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.