വിമാനങ്ങളിലെ പക്ഷിയിടി ഒഴിവാക്കാൻ പാര്‍ക്കും നടപ്പാതയും എയ്റോബിന്നുകളും ഒരുങ്ങുന്നു

*2017ൽ മാത്രം 20ലധികം വിമാനങ്ങളിലാണ് പക്ഷിയിടിച്ചത് * ലക്ഷ്യം വിമാനത്താവളത്തിന് ചുറ്റമുള്ള മാലിന്യം തള്ളൽ ഒഴിവാക്കൽ * പദ്ധതി നടപ്പാക്കുന്നത് എയർപോർട്ട് അതോറിറ്റിയും നഗരസഭയും ചേർന്ന് വള്ളക്കടവ്: വിമാനങ്ങളില്‍ പക്ഷിയിടിക്കുന്നത് ഒഴിവാക്കാന്‍ വള്ളക്കടവില്‍ കുട്ടികളുടെ പാര്‍ക്കും നടപ്പാതയും എയ്റോബിന്നുകളും ഒരുങ്ങുന്നു. ലാൻഡിങ്ങിനിടെയും ടേക്ഓഫ് സമയങ്ങളിലും വിമാനത്തില്‍ പക്ഷികള്‍ ഇടിച്ച് വന്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതി​െൻറ കാരണം വിമാനത്താവള മതിലിനോട് ചേര്‍ന്നുള്ള മാലിന്യക്കൂമ്പാരവും ഇറച്ചിക്കടകളുമാെണന്ന് കണ്ടതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയും നഗരസഭയും സംയുക്തമായി സുരക്ഷ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഇതി​െൻറ ആദ്യ ഘട്ടമെന്ന നിലക്കാണ് വള്ളക്കടവ് എന്‍.എസ് ഡിപ്പോ റോഡില്‍ വിമാനത്താവള ചുറ്റുമതിലിന് സമീപത്ത് മാലിന്യം തള്ളാതിരിക്കാന്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കും പൂന്തോട്ടവും നിർമിക്കുന്നത്. പാര്‍ക്കി​െൻറ നിർമാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന് പുറമേ സുലൈമാന്‍ തെരുവില്‍ വിമാനത്താവള മതിലിനോട് ചേര്‍ന്ന് നടപ്പാതയും എയ്റോബിന്നുകളും സ്ഥാപിക്കാനുള്ള നടപടികളും നടന്നുവരുന്നു. എയ്റോബിനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഈ രണ്ട് പ്രദേശങ്ങളുടെയും മധ്യഭാഗത്തുകൂടിയാണ് റണ്‍വേ കടന്നുപോകുന്നത്. എയര്‍പോര്‍ട്ടി​െൻറ ചുറ്റുമതിലിനോട് ചേര്‍ന്ന ഈ പ്രദേശത്താണ് എറ്റവും കൂടുതല്‍ മാലിന്യ തള്ളൽ. ഈ മാലിന്യക്കൂമ്പാരത്തില്‍നിന്ന് അന്നംതേടി വട്ടമിട്ട് പറക്കുന്ന പക്ഷികളാണ് പലപ്പോഴും വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രി നഗരസഭ അധികൃതര്‍ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് പക്ഷിയിടി ഒഴിവാക്കുന്നതിന് സ്ഥിരം സംവിധാനം എര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നഗരസഭ ഇവിടെനിന്ന് മാലിന്യം ഇടക്കിടെ നീക്കിയെങ്കിലും വീണ്ടും മാലിന്യം തള്ളുന്നത് നിര്‍ബാധം തുടര്‍ന്ന സാഹചര്യത്തിലാണ് ശാശ്വത പരിഹാമായി ഇവിടെ പാര്‍ക്കും നടപ്പാതകളും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരോ വര്‍ഷവും വിമാനങ്ങളില്‍ പക്ഷികള്‍ ഇടിക്കുന്നതി​െൻറ എണ്ണംകൂടി വരുകയും പ്രധാന വിമാന കമ്പനികള്‍ തിരുവനന്തപുരത്തുനിന്ന് സർവിസ് നടത്തുന്നതിന് വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തെ തുടര്‍ന്നാണ് അടിയന്തരമായി വിമാനത്താവള പരിസരം സംരക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി രൂപംനല്‍കിയത്. നഗരസഭയുമായി ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 54 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ മാറ്റിെവച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി പാര്‍ക്കും നടപ്പാതയും ഒരുക്കിയാലും പക്ഷിയിടി ഒഴിവാക്കാന്‍ കഴിയുമോ എന്ന ആശങ്ക എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഉണ്ട്. വിമാനത്താവളത്തി​െൻറ 10 കിലോമീറ്റര്‍ പരിധിയിലെ തുറന്ന ഇറച്ചിക്കടകളും അറവുശാലകളും ഒഴിപ്പിക്കാതെയും പാര്‍വതി പുത്തനാറിലെ മാലിന്യം തള്ളൽ തടയാതെയും പക്ഷിയിടി ഒഴിവാക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി സാധ്യതയുള്ളത് തിരുവനന്തപുരത്താണെന്ന് വ്യോമയാന മന്ത്രാലയത്തി​െൻറ കണക്കുകള്‍ വ്യക്തമാക്കുന്നത്. 20,000 വിമാന നീക്കങ്ങള്‍ നടക്കുമ്പോള്‍ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് ഇക്കൊല്ലം മാത്രം 20ലധികം വിമാനങ്ങളിലാണ് പക്ഷിയിടിച്ചത്. വിദേശ പൈലറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ പക്ഷിയിടി ഒൗദ്യോഗികമാകൂ. അല്ലാത്തവയെല്ലാം രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ് പതിവ്. നിത്യേന എഴുപതിലധികം വിമാന നീക്കങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എയര്‍ക്രാഫ്റ്റ് റൂള്‍ പ്രകാരം വിമാനത്താവളത്തി​െൻറ 10 കിലോമീറ്റര്‍ പരിധിയില്‍ തുറന്ന മാംസ വില്‍പന ശാലകളുണ്ടാവരുത്. ഇത് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യാം. എന്നാല്‍, അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ നൂറിലധികം അനധികൃത മാംസവില്‍പന ശാലകളാണ് വിമാനത്താവളത്തിന് ചുറ്റുമായി പ്രവര്‍ത്തിക്കുന്നത്. പക്ഷിയിടിച്ച് അടിയന്തരമായി വിമാനം നിലത്തിറക്കിയാല്‍ വിമാനക്കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. നിലവില്‍ ബോര്‍ഡ് കെയേഴ്സ് എന്ന പേരില്‍ കരാറുകാരെ നിയമിച്ച് പക്ഷികളെ തുരത്തുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. എന്നാല്‍, ഇതിനെ മറികടന്ന് പക്ഷികള്‍ പലപ്പോഴും കൂട്ടമായി വിമാനത്താവളത്തി​െൻറ റണ്‍വേ കൈയടക്കാറാണ് പതിവ്. ക്യാപ്ഷന്‍ വിമാനത്താവളത്തി​െൻറ ചുറ്റുമതിലിന് പുറത്ത് വള്ളക്കടവ് എന്‍.എസ് ഡിപ്പോ റോഡില്‍ നിര്‍മിക്കുന്ന കുട്ടികളുടെ പാര്‍ക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.