തടസ്സം നീങ്ങുന്നു; തേവലക്കര സബ് സ്​റ്റേഷൻ യാഥാർഥ്യത്തിലേക്ക്

ചവറ: തേവലക്കരയിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായ സബ്സ്റ്റേഷന് യാഥാർഥ്യമാകുന്നു. നിരന്തര ചർച്ചകൾക്കൊടുവിൽ സ്ഥലം സംബന്ധിച്ച തർക്കത്തിന് പരിഹാരമായതോടെയാണ് സബ് സ്റ്റേഷൻ സ്വപ്നം പൂവണിയുന്നത്. തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിലും മൈനാഗപ്പള്ളി, ചവറ, പന്മന പഞ്ചായത്തുകളിൽ ഭാഗികമായും വൈദ്യുതി വിതരണം നടത്തുന്നത് തേവലക്കര സെക്ഷൻ ഓഫിസിന് കീഴിൽ നിന്നാണ്. എന്നാൽ പലപ്പോഴും വൈദ്യുതി തടസ്സങ്ങളും വോൾട്ടേജ് ക്ഷാമവും കാരണം ഈ ഭാഗങ്ങളിലെ ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായിരുന്നു. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒമ്പത് വർഷം മുമ്പാണ് സബ് സ്റ്റേഷനെ കുറിച്ച് ആലോചനകൾ തുടങ്ങിയത്. തുടർന്ന് സ്ഥലം ഉൾപ്പെടെയുള്ള ഭൗതികസാഹചര്യങ്ങൾ ലഭ്യമാവുന്ന മുറക്ക് സബ്സ്റ്റേഷന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും ധാരണയായിരുന്നു. സ്ഥലത്തിനായുള്ള അന്വേഷണത്തിൽ നടുവിലക്കര മൂന്നാം വാർഡിൽപെട്ട ആലയിൽ വടക്ക് ഭാഗമാണ് കൂടുതലായി പരിഗണിച്ചത്. ഈ സ്ഥലത്തിന് തൊട്ടടുത്ത് കൂടി 11 കെ.വി, 66 കെ.വി,110 കെ.വി ഹൈടെൻഷൻ ലൈനുകൾ കടന്നുപോകുന്നതിനാൽ സബ് സ്റ്റേഷനായി ടവറുകളും ലൈനും സ്ഥാപിക്കുന്ന അധികചെലവും ബുദ്ധിമുട്ടും ഒഴിവാകും എന്നതിനാലായിരുന്നു സ്ഥലം പരിഗണിച്ചത്. ബി.വി.ആർ (ബേസിക് വാല്യൂഷൻ റിപ്പോർട്ട്) അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് പോയെങ്കിലും കണ്ടെത്തിയ 118 സ​െൻറ് സ്ഥലത്തിന് ബന്ധുക്കളായ സ്ഥല ഉടമകൾ തമ്മിൽ തർക്കവും കോടതി വ്യവഹാരങ്ങളും ഉടലെടുത്തതിനാൽ പരിഹാരം നീണ്ടു. വർഷങ്ങളായി നിലനിന്ന ഈ പ്രശ്നം മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും കലക്ടർമാരുടെയും ജനപ്രതിനിധികളുടെയും നീണ്ട കാലത്തെ നിരന്തരചർച്ചകളുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പിലെത്തുകയായിരുന്നു. 28 കോടി എസ്റ്റിമേറ്റ് ഇട്ടിരിക്കുന്ന പദ്ധതിയുടെ കീഴിൽ തേവലക്കര ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസി​െൻറ നിർമാണവും പരിഗണനയിലുണ്ട്. ഇപ്പോൾ ഓഫിസ് തേവലക്കരയിലെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മുമ്പ് 66 കെ.വി പരിധിയുള്ള സബ് സ്റ്റേഷനായാണ് പദ്ധതിയിട്ടിരുന്നത്. ഇപ്പോൾ അത് 110 കെ.വി പരിധിയാക്കി ഉയർത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സ്ഥലത്തി​െൻറ മറ്റ് നടപടികളും ഭരണാനുമതിയും ലഭ്യമായാലുടൻ ടെൻഡർ വിളിക്കും. പൂർത്തീകരണത്തിനായി രണ്ടരവർഷമാണ് കണക്കാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.