ലോക കേരളസഭ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഗൗരവത്തോടെ വീക്ഷിക്കപ്പെടും - മുഖ്യമന്ത്രി കൊല്ലം: വിവിധ രാജ്യങ്ങളിലെ അധികാര കേന്ദ്രങ്ങളിൽ പ്രാതിനിധ്യമുള്ള മലയാളികളെക്കൂടി ഉൾപ്പെടുത്തിയുള്ള ലോക കേരളസഭ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഗൗരവത്തോടെ വീക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭക്ക് മുന്നോടിയായി നടത്തിയ ആഗോള മാധ്യമസംഗമം കൊല്ലത്ത് ക്വയിലോൺ ബീച്ച് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള മാധ്യമ സംഗമം പോലെയുള്ള പരിപാടികൾ വീണ്ടും നടത്താവുന്നതാണ്. വിദേശ രാജ്യങ്ങളിലെ അനുഭവം ഇവിടെയുള്ള മാധ്യമപ്രവർത്തകരുമായി ഇത്തരം വേദികളിലൂടെ പങ്കിടാനാകും. തൊഴിലവസരം സൃഷ്ടിച്ചുള്ള വികസനത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ രേഖാപ്രകാശനവും ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പരിശീലന പരിപാടിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയായി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.