ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് വൈസ് പ്രസിഡൻറിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ദുഷ്പ്രചാരണങ്ങൾ നടത്തിയതായി ആരോപിച്ച് ഭരണകക്ഷിയിലെ തന്നെ സി.പി.ഐ അംഗങ്ങളും പ്രതിപക്ഷത്തുള്ള കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും അംഗങ്ങളും കമ്മിറ്റി ബഹിഷ്കരിച്ചു. വ്യാഴാഴ്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അജൈവമാലിന്യ നിർമാർജന പദ്ധതി ഉദ്ഘാടനം എട്ടിന് നടക്കാനിരിക്കെ കലക്ടറെ ക്ഷണിക്കുന്നതിനും പദ്ധതി നടത്തിപ്പ് ആലോചിക്കുന്നതിനുമായി കൂടിയ സമിതിയാണ് ബഹളത്തിൽ കലാശിച്ചത്. തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനും രാഷ്ട്രീയ പ്രേരിതമായും പ്രസിഡൻറ് ആക്ഷേപങ്ങളും അനാവശ്യങ്ങളും പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്ന് വൈസ് പ്രസിഡൻറ് എസ്. നൗഷാദ് സമിതിയിൽ ഉന്നയിച്ചു. തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്ന പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല രാജിവെക്കണമെന്ന് വൈസ് പ്രസിഡൻറ് ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ച പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന് കോൺഗ്രസ് അംഗങ്ങളും ആവശ്യപ്പെട്ടു. സമിതിയിൽ ഉന്നയിച്ച സംഭവം ചർച്ച ചെയ്യാൻ പ്രസിഡൻറ് കൂട്ടാക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി വാക്കൗട്ട് നടത്തിയത്. തുടർന്ന് ബി.ജെ.പി പ്രതിനിധികളും ആരോപണം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. സംഭവം സംബന്ധിച്ച് അജണ്ട വെച്ച് മറ്റൊരു കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് പ്രസിഡൻറും സി.പി.എം പ്രതിനിധികളും. എന്നാൽ, താൻ ദുഷ്പ്രചാരണങ്ങൾ നടത്തിയിട്ടില്ലെന്ന് പ്രസിഡൻറ് സമിതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.