മധുരയിൽ അപകടത്തിൽപെട്ടയാളു​െട വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചില്ല; പൊലീസുകാരനെ സ്ഥലംമാറ്റി

കൊട്ടാരക്കര: മധുരയിൽ അപകടത്തിൽപെട്ട് മരിച്ച ആനക്കോട്ടൂർ സ്വദേശിയുടെ വിവരങ്ങൾ അറിഞ്ഞിട്ടും യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസുകാരനെ റൂറൽ എസ്.പി സ്ഥലംമാറ്റി. വാഹനാപകടത്തിൽ മരിച്ച ആനക്കോട്ടൂർ കുന്നത്തഴികത്ത് വീട്ടിൽ മുരുകദാസി(48)​െൻറ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. കൃത്യനിർവഹണത്തിൽ അനാസ്ഥകാട്ടിയ കൊട്ടാരക്കര സ്റ്റേഷനിൽ ജി.ഡി ചുമതലയുണ്ടായിരുന്ന അനിൽകുമാറിനെയാണ് പുനലൂരിലേക്ക് സ്ഥലംമാറ്റിയത്. ഡിവൈ.എസ്.പി ജെ. ജേക്കബി​െൻറ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് റൂറൽ എസ്.പി നടപടിയെടുത്തത്. അപകടം നടന്നയുടനെ മധുര സ്റ്റേഷനിൽനിന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. എന്നാൽ, കൊട്ടാരക്കര പൊലീസ് മുരുകദാസി​െൻറ ബന്ധുക്കളെ അപകടവിവരം അറിയിച്ചില്ല. ഇതുമൂലം വിദഗ്ധചികിത്സ കിട്ടാതെ മുരുകദാസ് മരിക്കുകയായിരുന്നു. മധുരയിലെ പൊലീസ് സ്‌റ്റേഷനിൽനിന്ന് അപകടവിവരം കൊട്ടാരക്കര പൊലീസിൽ പലതവണ അറിയിക്കുകയും മേൽവിലാസം കൈമാറുകയും ചെയ്തിട്ടും വീട്ടുകാരെ വിവരമറിയിച്ചില്ല. മൂന്നുദിവസം ഗുരുതരാവസ്ഥയിൽ കിടന്ന മുരുകദാസ് വിദഗ്ധചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചെതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ സമ്മതപത്രം ലഭിക്കാത്തതിനാലാണ് ശസ്ത്രക്രിയ മുടങ്ങിയതെന്നും ഇവർ പറയുന്നു. മധുരയിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി വിവരം അറിയിക്കുമ്പോൾ മാത്രമാണ് ബന്ധുക്കൾ വിവരമറിയുന്നത്. മധുരയിൽപോയി വിവരശേഖരണം നടത്തിയ ശേഷമാണ് റിപ്പോർട്ട് എസ്.പിക്ക് കൈമാറിയത്. മേൽവിലാസം കൈമാറിയിരുന്നതിലെ അവ്യക്തതയാണ് ബന്ധുക്കളെ കണ്ടെത്താൻ കഴിയാതിരുന്നതെന്നാണ് വിശദീകരണം. എങ്കിലും സന്ദേശം കൈമാറാൻ വേണ്ടുന്ന ജാഗ്രത പുലർത്താതിരുന്നത് ഉദ്യോഗസ്ഥ​െൻറ വീഴ്ചയാണെന്ന് ഡിവൈ.എസ്.പി അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥ​െൻറ വീഴ്ച ബോധ്യമായതിനാലാണ് നടപടിയെന്ന് എസ്.പി ബി. അശോകനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.