ഗൗരി നേഘയുടെ മരണം: അധ്യാപകരെ തിരി​െച്ചടുത്ത നടപടിയിൽ വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടി

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥി ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് വിശദീകരണംതേടി. അതേസമയം സംഭവം വിവാദമായതോടെ, സ്‌കൂള്‍ മാനേജ്‌മ​െൻറ് രണ്ട് അധ്യാപകര്‍ക്കും നിര്‍ബന്ധിത അവധി നല്‍കി. അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളി​െൻറ ആദ്യ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. പ്രതികളായ സിന്ധു പോൾ, ക്രസൻറ് നെവിസ് എന്നീ അധ്യാപികമാരെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമായും ആഘോഷമായിട്ടായിരുന്നു മാനേജ്‌മ​െൻറ് സ്വീകരിച്ചത്. ഈ നടപടിക്കെതിരെ വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു. പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടിയില്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷനും ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കുമെന്ന കാര്യമാണ് സ്‌കൂള്‍ മാനേജ്‌മ​െൻറ് അറിയിച്ചത്. കേസില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒരേകുറ്റത്തിന് ഒരാളെ രണ്ട് തവണ ശിക്ഷിക്കാനാകില്ലെന്നും അതിനാല്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കുമെന്നും മാനേജ്മ​െൻറ് അറിയിച്ചു. ഗൗരിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ എല്ലാ ആഘോഷപരിപാടികളും വേണ്ടെന്ന് െവച്ചിരുന്നു. അതിനാലാണ് അധ്യാപികമാരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചതെന്നായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ വിശദീകരണം. സസ്‌പെന്‍ഷന്‍ പി.ടി.എ കമ്മിറ്റിയോട് ആലോചിക്കാതെ മാനേജ്‌മ​െൻറ് ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വീണ്ടും സ്‌കൂളിന് നോട്ടീസ് നല്‍കിയത്. അധ്യാപികമാരെ തിരിച്ചെടുത്തപ്പോള്‍ മധുരം നല്‍കിയും പുഷ്പം നല്‍കിയും സ്വീകരിച്ചത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചെന്നും ഇത് പ്രചരിപ്പിച്ചതുമൂലം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. എന്നാൽ, കേസില്‍ കുറ്റപത്രം അടുത്ത ബുധനാഴ്ചയോടെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശ്രീനിവാസ് അറിയിച്ചിട്ടുണ്ടെങ്കിലും ഉന്നത സമ്മര്‍ദത്തെ തുടര്‍ന്ന് കേസില്‍ പ്രതികള്‍ക്ക് അനുകൂലമായ വകുപ്പുകളായിരിക്കുമെന്നാണ് ഗൗരിയുടെ ബന്ധുക്കള്‍ പറയുന്നത്. കേസില്‍ പൊലീസില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ കുട്ടിയുടെ പിതാവിന് ഹൈകോടതിയെ സമീപിക്കാമെന്നും സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടേണ്ടത് സര്‍ക്കാറോ ഹൈകോടതിയോ ആണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.