എഴുത്തുകാർക്കെതിരായ അസഹിഷ്ണുത ചെറുത്തുതോൽപിക്കണം- -ജെ. മേഴ്സിക്കുട്ടിയമ്മ കരുനാഗപ്പള്ളി: കാലത്തെ കണ്ണാടി പോലെ അടയാളപ്പെടുത്തുന്നവരാണ് എഴുത്തുകാരെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കാലത്തിെൻറ തീക്ഷ്ണമായ സത്യങ്ങളും യാഥാർഥ്യങ്ങളും പകർന്നു തരുന്ന സമ്പത്താണ് എഴുത്തുകാർ. അവർക്കെതിരെ വരുന്ന എല്ലാ അരുതായ്മകളെയും അസഹിഷ്ണുതയെയും ചെറുത്തുതോൽപിക്കണമെന്നും മന്ത്രി പറഞ്ഞു. എ.പി. കളയ്ക്കാട് സ്മാരക പുരസ്കാര വിതരണം കുലശേഖരപുരത്ത് നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാടിെൻറ പ്രശ്നങ്ങൾ അതാത്കാലത്തെ എഴുത്തുകാർ തങ്ങളുടെ രചനകളിലൂടെ ചിത്രീകരിക്കുന്നു. ചണ്ഡാലഭിക്ഷുകിയും ചിന്താവിഷ്ടയായ സീതയുമെല്ലാം ഇത്തരം അടയാളപ്പെടുത്തലുകളാണ്. എന്നാൽ, ഇന്നത്തെ കാലം ചിത്രീകരിച്ചാൽ രാജ്യത്ത് അവർക്ക് അനുഭവം മോശമാകുന്ന സ്ഥിതിയാണ്. ഇപ്പോൾ കേരളത്തിലും എഴുത്തുകാർക്കെതിരെ കൈയോങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിനെ ചെറുത്ത് മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു. എ.പി കളയ്ക്കാട് സ്മാരക പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിന് മന്ത്രി സമ്മാനിച്ചു. പ്രശസ്തി പത്രസമർപ്പണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ നിർവഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രഫ. വി.എൻ. മുരളി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.ആർ. വസന്തൻ സ്വാഗതം പറഞ്ഞു. ഏഴാച്ചേരി രാമചന്ദ്രൻ കളയ്ക്കാട് സ്മാരക പ്രഭാഷണം നടത്തി. ചവറ കെ.എസ്. പിള്ള, എ. ഗോകുലേന്ദ്രൻ, ഡി. സുരേഷ്‌കുമാർ, വി. വിജയകുമാർ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, എ.കെ. രാധാകൃഷ്ണപിള്ള, കെ. രാജഗോപാലപിള്ള, ആർ. ബീന, സി. രാധാമണി, പ്രഫ. എം. കരുണാകരൻ എന്നിവർ സംസാരിച്ചു. കുരീപ്പുഴ ശ്രീകുമാർ മറുപടി പ്രസംഗം നടത്തി. തുടർന്ന്, കാവ്യസന്ധ്യയും നൃത്തപരിപാടിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.