കിളിമാനൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളമ്പ്രക്കോട് മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങൾ രാവും പകലും വീട്ടിൽനിന്ന് പുറത്തിറങ്ങാനാകാതെ ദുരിതത്തിൽ. കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഇവിടത്തുകാർ. സമീപത്തെ ഇളമ്പ്രക്കാട് വനത്തിൽനിന്നാണ് അടുത്തകാലത്തായി ഇവ സംഘം ചേർന്ന് പ്രദേശവാസികളെ ആക്രമിച്ചുതുടങ്ങിയത്. ഇപ്പോൾ പാമ്പുകളുടെ ഭീതിയും ഉള്ളതായി നാട്ടുകാർ പറയുന്നു. ജില്ല അതിർത്തിയിലാണ് ഇളമ്പ്രക്കോട് വനമേഖല. 200 ഹെക്ടറോളം വരുന്നതാണ് ഈ വനം. നിലമേൽ, പള്ളിക്കൽ, മടവൂർ, ചടയമംഗലം എന്നീ പഞ്ചായത്തുകൾ കൂടിച്ചേരുന്ന പ്രദേശമാണ് ഇളമ്പ്രക്കോട്. തെക്കൻ ജില്ലകളിൽനിന്ന് പിടികൂടുന്ന വിഷസർപ്പങ്ങളെയടക്കം വനപാലകർ ഈ കാട്ടിലാണ് കൊണ്ടെത്തിക്കുന്നത്. ശക്തമായ വേനൽക്കാലത്ത് ഇവ കാടിറങ്ങി സമീപത്തെ വീടുകളിലെത്തി വളർത്തുമൃഗങ്ങളായ ആട്, കോഴി അടക്കമുള്ളവയെ പിടികൂടുന്നത് പതിവാണ്. കാട്ടുപന്നികളുടെയും മുള്ളൻപന്നി, കുരങ്ങ് എന്നിവയുടെയും ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തെങ്ങ്, വാഴ, മരച്ചീനി അടക്കമുള്ളവ കൃഷി ചെയ്യാൻ കഴിയാത്ത നിലയിലാണ്. പ്രദേശവാസികളുടെ പ്രധാന ഉപജീവന മാർഗം മരച്ചീനി കൃഷിയാണ്. വിളവെടുക്കാൻ പാകമാകുമ്പോൾ കൂട്ടമായെത്തുന്ന പന്നികൾ ഇവ നശിപ്പിക്കുകയാണ് പതിവ്. തെങ്ങുകളിൽനിന്ന മച്ചിങ്ങയടക്കം കുരങ്ങുകൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തുകൾ ഇടപെട്ട് പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.