കാട്ടാക്കട: നികുതി പിരിക്കാനെത്തിയ വില്ലേജ് ഓഫിസറെയും ജീവനക്കാരനെയും മർദിച്ച കേസിലെ പ്രതി കാട്ടാക്കട കീഴടങ്ങി. കാട്ടാക്കട കിള്ളി ബർമ റോഡില്‍ എ.എം. മൻസിലിൽ ഷഹിറുദ്ദീനാണ് (47) ആഴ്ചകള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കാട്ടാക്കട താലൂക്ക് ജീവനക്കാർ താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയൻറ് കൗൺസിലിെൻറ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിച്ചു. തുടർന്ന് ഒളിവിൽപോയ പ്രതി വ്യാഴാഴ്ച പൊലീസിൽ കീഴടങ്ങുകയായിരുന്നു. കോടതിയില്‍നിന്ന് ജാമ്യം നേടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് കുറ്റാരോപിതന്‍ കീഴടങ്ങിയത്. കൃത്യനിർവഹണത്തിനിടെ വില്ലേജ് ഓഫിസറെയും ജീവനക്കാരനെയും മർദിച്ച പ്രതിയെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാട്ടിയതായും ജീവനക്കാര്‍ ആരോപിക്കുന്നു. ജനുവരി 20ന് വൈകീട്ടാണ് കുളത്തുമ്മൽ വില്ലേജ് ഓഫിസർ എബനേസർ, വില്ലേജ് അസി. രതീഷ് എന്നിവര്‍ക്ക് മർദനമേറ്റത്. എട്ടിരുത്തി ബർമ റോഡിൽ സ്വകാര്യ സ്ഥാപന ഉടമയുടെ പുതിയ ഗോഡൗണിലും വീട്ടിലും സർക്കാറിെൻറ ഒറ്റത്തവണ കെട്ടിടനികുതി ഈടാക്കൽ പദ്ധതിയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു മർദനം. പ്രദേശത്തെ നിർമാണം പൂർത്തിയാക്കിയ വീടുകളിൽ വിസ്തീർണം നിശ്ചയിച്ചശേഷമാണ് റവന്യൂ സംഘം ഗോഡൗണിൽ എത്തിയത്. ഗോഡൗൺ അളന്നശേഷം വീട് അളക്കുമ്പാഴാണ് ഉടമ ക്ഷോഭിച്ച് വില്ലേജ് ഓഫിസറെയും അസിസ്റ്റൻറിനെയും മർദിച്ചത്. ഇരുവർക്കും മുഖത്തും മുതുകിലുമായി മർദനമേറ്റിരുന്നു. സാമൂഹമാധ്യമങ്ങളില്‍ വില്ലേജ് ഓഫിസറെ മർദിക്കുന്ന വിഡിയോ പ്രചരിച്ചതോടെയാണ് ജീവനക്കാര്‍ സംഘടിച്ച് സമരപരിപാടികള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.