മാധ്യമ വിലക്ക്​: കരുനാഗപ്പള്ളി സബ് കോടതി ഉത്തരവിനെതിരെ പ്രസ്​ ക്ലബ് പ്രതിഷേധിച്ചു

കൊല്ലം: കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയ കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവിനെതിരെ കൊല്ലം പ്രസ് ക്ലബ് പ്രതിഷേധിച്ചു. ഒരു താലൂക്ക് മാത്രം അധികാരപരിധിയിലുള്ള കോടതി സ്വന്തം പരിധിയിൽപെടാത്ത വിഷയത്തിൽ ഇടപെടുന്നത് വേലിതന്നെ വിളവു തിന്നുന്നത് പോലെയാണെന്നും അസാധാരണ കടന്നുകയറ്റമാണ് കോടതി നടത്തിയതെന്നും പ്രതിഷേധയോഗത്തിൽ ഡി.സി.സി മുൻ അധ്യക്ഷൻ പ്രതാപവർമ തമ്പാൻ അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുടെ തലപ്പത്ത് അസഹിഷ്‌ണുതയുടെ വക്താക്കൾ പിടിമുറുക്കുന്നു. ജനാധിപത്യത്തെ ഇകഴ്‌ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഹിഷ്‌ണുതയാണ് ജനാധിപത്യത്തി​െൻറ കാതൽ. നിയമവ്യവസ്ഥയോടാണോ സ്വകാര്യവ്യക്തിയോടാണോ കോടതിക്ക് പ്രതിബദ്ധതയെന്ന് ചോദിച്ച അദ്ദേഹം വിധി പുറപ്പെടുവിച്ച ജഡ്ജിയെ പുറത്താക്കാൻ മേൽകോടതി തയാറാവണമെന്ന് ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനാണ് ഇത്തരം വെല്ലുവിളികൾ ഉണ്ടാവുന്നത്. എല്ലാ മേഖലയിലും ഇത്തരം അവസ്ഥ വ്യാപിക്കുന്നുണ്ടെന്നും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വാരിജാക്ഷൻ പറഞ്ഞു. മുഖ്യമന്ത്രിതന്നെ കടക്കൂ പുറത്തെന്ന് പറഞ്ഞ് മാതൃക കാട്ടുമ്പോൾ തങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂട എന്ന ചിന്താഗതിയാണ് ചിലർക്കെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡൻറ് രാജൻ മാത്യു, പ്രസ് ക്ലബ് സെക്രട്ടറി ബിജു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.