കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിന് 2018-19 വർഷത്തെ പ്രവേശനാനുമതി നിഷേധിച്ച തീരുമാനവും മുൻ ശിപാർശയും പുനഃപരിശോധിക്കാൻ മെഡിക്കൽ കൗൺസിലിന് ആരോഗ്യ മന്ത്രാലായം നിർദേശം നൽകി. മെഡിക്കൽ പ്രവേശനത്തിനാവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രവേശനാനുമതി നിഷേധിച്ചത്. തീരുമാനം പിൻവലിക്കണമെന്നാവശ്യെപ്പട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി അടക്കമുള്ളവർ നിവേദനം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം പുനഃപരിശോധിക്കാൻ മെഡിക്കൽ കൗൺസിലിന് നിർദേശം നൽകിയതെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി അശ്വനികുമാർ ചൗബേ ലോക്സഭയിൽ അറിയിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിെൻറ കാര്യത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചാണ് വാദം കേട്ടത്. ഇതിെൻറ ഭാഗമായി കഴിഞ്ഞമാസം ഒമ്പതിന് കേരള സർക്കാറിന് തങ്ങളുടെ ഭാഗം ബോധിപ്പിക്കുന്നതിന് അവസരം നൽകിയിരുന്നു. എം.സി.ഐ കണ്ടെത്തിയ കുറവുകൾ പരിഹരിച്ചതായി സംസ്ഥാന സർക്കാർ കമ്മിറ്റി മുമ്പാകെ ബോധിപ്പിച്ചു. മേയ് 31ന് മുമ്പ് കുറവുകൾ പരിഹരിച്ചാൽ െമഡിക്കൽ കോളജിന് അടുത്ത വർഷം പ്രവേശനാനുമതി ലഭിക്കും. പാരിപ്പള്ളി മെഡിക്കൽ കോളജിൽ െറസിഡൻറുകളുടെ കുറവ് 12.7 ആണ്. പൊതു അത്യാഹിത വിഭാഗത്തിെൻറയും പ്രസവചികിത്സക്കുള്ള അത്യാഹിത വിഭാഗത്തിെൻറയും അഭാവമുണ്ട്. നാല് ഓപറേഷൻ തിയറ്ററെങ്കിലും പ്രവർത്തിക്കേണ്ട സ്ഥാനത്ത് രണ്ട് ഓപറേഷൻ തിയറ്റർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. സെപ്റ്റിക് ഓപറേഷൻ തിയറ്റർ പ്രവർത്തിക്കുന്നില്ല. ഐ.സി.യു, ഐ.സി.സി.യു, പി.ഐ.സി.യു എന്നിവ പ്രവർത്തിക്കുന്നില്ല. റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്ട്മെൻറിൽ കുട്ടികളുടെ വിഭാഗത്തിനുള്ള ഒരു മൊബൈൽ എക്സ്റേ യൂനിറ്റ് മാത്രമേയുള്ളൂ. പൊതുവിഭാഗത്തിനായി മൊബൈൽ എക്സ്റേ യൂനിറ്റ് ലഭ്യമല്ല. എക്സ്റേ മെഷീനുകൾക്ക് എ.ഇ.ആർ.ബി അംഗീകാരമില്ല. ഇ.ടി.ഒ സ്റ്റെറിലൈസർ ലഭ്യമല്ല. കേൾവി, സംസാര രോഗചികിത്സക്കുള്ള സൗകര്യങ്ങൾ കുറവാണ്. രോഗികൾക്ക് ആഹാരം നൽകാത്തതും അടുക്കള സൗകര്യമൊരുക്കാത്തതും പരിമിതിയാണ്. ഒ.പി വിഭാഗത്തിലും കിടത്തിച്ചികിത്സാ വിഭാഗത്തിലും കേന്ദ്രീകൃത ഫോട്ടോഗ്രഫി വിഭാഗത്തിലെ ഉപകരണങ്ങളിലും കുറവുകളുണ്ട്. എന്നിവയാണ് എം.സി.ഐ പരിശോധനയിൽ കണ്ടെത്തിയത്. മേയ് 31മുമ്പ് ഇൗ കുറവുകൾ പരിഹരിച്ചാൽ മെഡിക്കൽ കൗൺസിൽ പരിശോധന നടത്തി കോളജിലെ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.