വർക്കല: വിദ്യാർഥിനികൾക്ക് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ട് പോകൽശ്രമങ്ങളും വർക്കലയിൽ വർധിക്കുന്നതായി പരാതി. കറുത്ത സ്റ്റിക്കറുകൾ തീർത്ത ആശങ്കമാറും മുമ്പാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറുന്നത്. വർക്കല, ഇടവ, കാപ്പിൽ മേഖലകളിൽ സ്കൂളിൽനിന്ന് മടങ്ങുന്ന വിദ്യാർഥിനികൾക്കുനേരെയാണ് സാമൂഹികവിരുദ്ധശല്യം രൂക്ഷം. വൃദ്ധന്മാരും ഇതര സംസ്ഥാനക്കാരും ഉൾപ്പെടെ 'പൂവാലന്മാരെ' ഭയന്ന് വിദ്യാർഥികൾ ഇടവഴികളിലൂടെ ഓടി രക്ഷപ്പെടുകയാണ്. തിക്താനുഭവങ്ങളുണ്ടായ പെൺകുട്ടികളിൽ ഭയം വിട്ടുമാറിട്ടില്ല. ഇടവയിലെ ഉൾപ്രദേശങ്ങളിൽ പെട്ടിക്കടകൾ കേന്ദ്രീകരിച്ച് നിരോധിത പാൻ മസാലകളുടെ വിൽപന തകൃതിയാണ്. ഇവ വാങ്ങാൻ എത്തുന്നവരിൽനിന്നാണ് വിദ്യാർഥികൾക്കു നേരെ ആക്രമണങ്ങൾ അധികവും. കഴിഞ്ഞ ദിവസം മേൽവെട്ടൂർ ഭാഗത്ത് വിദ്യാർഥിനിയെ ഓട്ടോയിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമമുണ്ടായി. മുഖം മറച്ച് പർദ ധരിച്ച് പെൺവേഷത്തിൽ വന്ന യുവാവ് വെട്ടൂർ ആശാൻ മെമ്മോറിയൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സ്ത്രീ വേഷധാരിയുടെ കാലിലെ ചെരിപ്പ് കണ്ട് സംശയം തോന്നിയ വിദ്യാർഥിനി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. വിദ്യാർഥിനി സംഭവം വീട്ടിൽ അറിയിച്ചെങ്കിലും വീട്ടുകാർ പരാതിപ്പെടാൻ തയാറായിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ വർക്കല താലൂക്കാശുപത്രിക്ക് സമീപത്തും സമാനസംഭവമുണ്ടായി. ഓട്ടോയിലെത്തിയ സംഘം റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ മുടിയിൽ പിടിച്ചു വലിച്ച് അകത്തേക്ക് കയറ്റി. പെൺകുട്ടി കുതറിയെങ്കിലും രക്ഷപ്പെടാനായില്ല. തുടർന്ന്, ബലമായി പിടിച്ചിരുന്ന മുടി നീട്ടി വളർത്തിയയാളുടെ കൈയിൽ കടിച്ചശേഷം പിടി വിടുവിച്ചാണ് പെൺകുട്ടി രക്ഷപ്പട്ടത്. ക്ലാസ് ടീച്ചറോട് വിവരം പറഞ്ഞെങ്കിലും സ്കൂളിന് നാണക്കേടാവുമെന്നതിനാൽ സംഭവം പുറത്തുപറയരുതെന്ന് അധ്യാപിക വിലക്കിയെന്ന് പെൺകുട്ടി രക്ഷാകർത്താക്കളോട് പറഞ്ഞു. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇടവയിൽ കോളജ് വിദ്യാർഥിനിക്ക് നേരെയുണ്ടായ ആക്രമണം. സ്കൂൾ പരിസരങ്ങളിൽ രാവിലെയും വൈകീട്ടും പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.