*ബ്രഹ്മപുരത്തിന് 13.79, ടെക്നോപാർക്കിന് 21.53, ഗെയിൽ എസ്.വി സ്റ്റേഷന് 2.52 ഏക്കർ തിരുവനന്തപുരം: പൊതുആവശ്യത്തിന് 37.53 ഏക്കർ നെൽവയൽ നികത്താൻ ഉത്തരവ്. കഴക്കൂട്ടം ടെക്നോപാർക്ക്, എറണാകുളം ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതി പദ്ധതി, കോഴിക്കോട് പുത്തൂർ ഗെയിൽ എസ്.വി സ്റ്റേഷൻ, ഉണ്ണികുളം ഗെയിൽ എസ്.വി. സ്റ്റേഷൻ, മലപ്പുറം കോഡൂർ ഗെയിൽ എസ്.വി സ്റ്റേഷൻ എന്നീ പദ്ധതികൾക്കാണ് 2017 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ഓർഡിനൻസ് പ്രകാരം ഭൂമി രൂപാന്തരപ്പെടുത്തുന്നതിന് ഉത്തരവായത്. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസാണ് ഉത്തരവിട്ടത്. ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനർജി പ്രോജക്ട് സ്ഥാപിക്കുന്നതിനായി എറണാകുളത്ത് പുത്തൻകുരിശ് വില്ലേജിൽ 37ാം ബ്ലോക്കിൽ റീസർവേ നമ്പർ 30, 35, 36, 37, 345, 56 എന്നിവയിൽ ഉൾപ്പെട്ട ഭൂമി പരിവർത്തനം നടത്താൻ കലക്ടർ ശിപാർശ നൽകിയിരുന്നു. ഇവിടെ ആകെയുള്ള 20.23 ഏക്കറിൽ 6.44 ഏക്കർ കരഭൂമിയാണ്. അതിൽനിന്ന് 13.79 ഏക്കറാണ് മൂന്ന് വ്യവസ്ഥകളോടെ പരിവർത്തിപ്പിക്കാൻ അനുമതി നൽകിയത്. അതിൽ 1.37 ഏക്കറിൽ ജലസംരക്ഷണപ്രവർത്തനത്തിന് കുളം നിർമിക്കണം, ബ്രഹ്മപുരം പദ്ധതിയിൽനിന്നുള്ള മലിനജലം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് വ്യാപിക്കരുത്, നിലവിെല സ്വാഭാവിക നീരൊഴുക്കിന് തടസ്സം വരുത്തരുതെന്ന വ്യവസ്ഥകളോടെയാണ് ഉത്തരവ്. ടെക്നോപാർക്കിെൻറ മൂന്നാംഘട്ട വികസനത്തിന് കമ്പനികൾക്ക് ഉപപാട്ടത്തിന് നൽകുന്നതിനായി ടെക്നോപാർക്ക് സി.ഇ.ഒ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടത്ത് ആറ്റിപ്ര വില്ലേജിൽ വിവിധ റീസർവേ നമ്പറുകളിലെ 21.53 ഏക്കർ ഭൂമി പരിവർത്തനം ചെയ്യുന്നതിന് കലക്ടർ ശിപാർശ ചെയ്തു. ഇവിടെ 2.27 ഏക്കർ ഭൂമിയിൽ ജലസംരക്ഷണ പ്രവർത്തനവും മഴവെള്ള സംഭരണ പ്രവർത്തനവും നടത്തണമെന്ന് ഉത്തരവിൽ നിർദേശിച്ചു. ഗെയിൽ ഇന്ത്യാ ലിമിറ്റഡ് മലപ്പുറം കോഡൂർ വില്ലേജിൽ ഗെയിൽ എസ്.വി സ്റ്റേഷൻ നിർമിക്കുന്നതിന് 50.57 സെൻറ് പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകണമെന്ന് കലക്ടർ സർക്കാറിനോട് ശിപാർശ ചെയ്തു. അതനുസരിച്ച് 362/1.എ, 362/3 എന്നീ സർവേ നമ്പറുകളിലെ ഭൂമി വ്യവസ്ഥകളോടെ പരിവർത്തനം ചെയ്യാൻ അനുമതി നൽകി. 362/ 3 സർവേ നമ്പറിലെ 5.6 സെൻറ് ഭൂമി ജലസംഭരണ പ്രവർത്തനത്തിന് നീക്കിവെക്കണം. കോഴിക്കോട് പുത്തൂർ വില്ലേജിൽ റീസർവേ 33/2 നമ്പറിലെ 50.5 സെൻറ് ഭൂമിയാണ് ഗെയിൽ എസ്.വി സ്റ്റേഷൻ നിർമാണത്തിന് പരിവർത്തനം ചെയ്യുന്നത്. ഇവിടെയും അഞ്ച് സെൻറ് ജലസംരക്ഷണത്തിന് നീക്കിവെക്കും. ജില്ലയിലെ ഉണ്ണികുളം വില്ലേജിൽ റീസർവേ 52/5ൽ 1.51 ഏക്കർ ഗെയിൽ എസ്.വി. സ്റ്റേഷൻ നിർമാണത്തിന് പരിവർത്തനം ചെയ്യും. ഇവിടെ 15 സെൻറ് ഭൂമിയിൽ മലവെള്ള സംഭരണി നിർമിക്കണമെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.