വർക്കല: കോളജ് വിദ്യാർഥിനിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. വെട്ടൂർ പുത്തൻചന്ത മണാട് തിരുവാതിര ഭവനിൽ ലതാകുമാരിയുടെയും മണിദാസിെൻറയും മകൾ ധന്യയാണ് (20) ആക്രമണത്തിനിരയായത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് മുക്കാറാമിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഏഴരയോടെ ധന്യയുടെ വീടിന് സമീപത്തെ ഇടവഴിയിലാണ് സംഭവം. തിരുവനന്തപുരം സെൻറ് സേവ്യേഴ്സ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ ധന്യ കോളജിൽ പോകാൻ പുത്തൻചന്ത മാടൻനട ഇടറോഡുവഴി നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. പിന്തുടർന്നെത്തിയ മുക്കാറാം യുവതിയെ തടഞ്ഞുനിർത്തി ചുറ്റിക കൊണ്ട് മൂന്നുതവണ തലക്കടിക്കുകയായിരുന്നു. തലയോട് പൊട്ടി രക്തം വാർന്നൊഴുകുന്നതിനിടെ ധന്യ നിലവിളിച്ചു വീട്ടിലേക്കോടി. ഇതിനിടെ ബൈക്ക് യാത്രികരായ രണ്ടുപേർ സംഭവസ്ഥലത്തേക്ക് വരുന്നതുകണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവാക്കൾ പിടികൂടുകയായിരുന്നു. തുടർന്ന്, പൊലീസിന് കൈമാറി. പരിക്കേറ്റ ധന്യയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മുഹമ്മദ് മുക്കാറാമിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വർഷങ്ങളായി കുടുംബസമേതം വർക്കലയിൽ താമസിക്കുന്നയാളാണ് മുക്കാറാം. രണ്ടുമാസമായി ഇയാൾ പുത്തൻചന്തയിലെ സാമിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. അടുത്തിടെയാണ് കുടുംബത്തെ നാട്ടിലേക്ക് മടക്കിയയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.