തിരുവനന്തപുരം: ഐ.എം.എയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് എവിടെ സ്ഥാപിക്കണമെന്ന കാര്യം പ്രതിപക്ഷം അടക്കമുള്ളവരുമായി നടത്തുന്ന ചർച്ചയിലൂടെ മാത്രമേ തീരുമാനിക്കൂവെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് പരിധിയിൽ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി മുൻ നിലപാട് തിരുത്തിയത്. പ്ലാൻറ് സ്ഥാപിക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ അഭിപ്രായം സ്വീകരിച്ചും ജനവിശ്വാസം ആർജിച്ചും മാത്രമായിരിക്കും ഇക്കാര്യത്തിൽ നടപടി. സംസ്ഥാനത്ത് ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് പാലക്കാട് കഞ്ചിക്കോട്ട് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വളരെ ശാസ്ത്രീയമാണ് െഎ.എം.എ ഇൗ പ്ലാൻറ് വർഷങ്ങളായി നടത്തുന്നത്. എന്നാൽ, സംസ്കരിക്കാവുന്നതിെൻറ ഇരട്ടി മാലിന്യമാണ് ഇവിടേക്കെത്തുന്നത്. അതിനാലാണ് തിരുവനന്തപുരത്തും പ്ലാൻറ് സ്ഥാപിക്കാൻ െഎ.എം.എ ശ്രമിച്ചതെന്ന് ഡി.കെ. മുരളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. പെരിങ്ങമ്മലയിൽ പ്ലാൻറ് സ്ഥാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. തീരദേശ മേഖലയിൽ സി.ആർ.ഇസഡ് പരിധിയിൽപെട്ട വീടുകളുടെ കെട്ടിട നികുതി ഏകീകരിക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. യു.എ നമ്പർ പ്രകാരം ഈ മേഖലയിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വീടുകൾക്ക് താങ്ങാനാകാത്ത തുകയാണ് ഈടാക്കുന്നത്. ഇത് ക്രമീകരിക്കുന്നതിനാണ് നിയമഭേദഗതിയെന്നും എ.എം. ആരിഫിനെ മന്ത്രി അറിയിച്ചു. സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായുള്ള കെട്ടിടങ്ങളുടെ നിർമാണ നടപടികൾ ഏപ്രിലോടെ ആരംഭിക്കുമെന്ന് മോൻസ് ജോസഫിെന മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. അടുത്ത അധ്യയന വർഷത്തോടെ 141 സ്കൂളുകളെ ഹൈടെക് ആക്കുന്നതിന് നടപടി തുടങ്ങി. പ്ലാസ്റ്റിക് മാലിന്യം പ്രത്യേക ഏജൻസി വഴി ശേഖരിച്ച് തദ്ദേശ റോഡുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികൾ നടന്നുവരുന്നതായി അൻവർ സാദത്തിനെ മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. സംസ്ഥാനത്ത് 75 പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. വൈകാതെ 100 യൂനിറ്റുകൾ കൂടി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.