കലക്ടറേറ്റ് വളപ്പ് ബോംബ് സ്‌ഫോടനം: പ്രതികള്‍ക്ക് കുറ്റപത്രം നല്‍കി

*ഭീകരപ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കൊല്ലം: കലക്ടറേറ്റ് വളപ്പ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്‍കി. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് മൂന്ന് പ്രതികളെയാണ് തിങ്കളാഴ്ച കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. ബേസ് മൂവ്‌മ​െൻറ് പ്രവര്‍ത്തകരും മധുരനോര്‍ത്ത് സ്വദേശികളുമായ ഇസ്മയില്‍പുരം നാലാംതെരുവ് 11 /23ല്‍ അബ്ബാസ് അലി, കെ. പുതൂര്‍ വിശ്വനാഥനഗര്‍ 17 ല്‍ ഷംസുദ്ദീന്‍ കരീം രാജ (22), നെല്‍പ്പേട്ട കരിംഷ മസ്ജിദ് ഒന്നാംതെരുവില്‍ 23/13 ദാവൂദ് സുലൈമാന്‍ (22) എന്നിവരാണ് കോടതിയില്‍ ഹാജരായി കുറ്റപത്രം ഏറ്റുവാങ്ങിയത്. നാലാം പ്രതിയായ നെല്‍പ്പേട്ട കില്‍മാര വീഥി 13സി ഷംസുദ്ദീന്‍ എത്തിയില്ല. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ പൊലീസ് മാപ്പുസാക്ഷിയാക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയെയും പൊലീസ് മാപ്പുസാക്ഷിയാക്കിയിരുന്നു. 112 രേഖകളും 30 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. കേസിൽ 86 സാക്ഷികളുണ്ട്. രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനവും ഭീകരപ്രവര്‍ത്തനവും അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തി​െൻറ ഏകത, സുരക്ഷിതത്വം, പരമാധികാരം എന്നിവക്ക് ഭംഗംവരുത്തുന്നതും പൊതുജനങ്ങള്‍ക്ക് മരണവും പൊതുമുതലിന് നഷ്ടവും വരുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊല്ലം എ.സി.പി ജോര്‍ജ് കോശിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളത്തിലുള്ള കുറ്റപത്രമാണ് പ്രതികള്‍ക്ക് നല്‍കിയത്. കോടതി കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിക്കും. അന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. 2016 ജൂണ്‍ 15ന് രാവിലെ 10.50നാണ് കലക്ടറേറ്റിനെ നടുക്കിയ സ്ഫോടനമുണ്ടായത്. മുന്‍സിഫ് കോടതിക്കും പെന്‍ഷന്‍ സബ് ട്രഷറിക്കുമിടയില്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍വകുപ്പി​െൻറ ജീപ്പിന് സമീപത്താണ് സ്ഫോടനമുണ്ടായത്. കോടതിയില്‍ കേസി​െൻറ ആവശ്യത്തിനെത്തിയ കുണ്ടറ സ്വദേശി നീരൊഴുക്കില്‍ സാബുവിന് മുഖത്ത് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.