*മികച്ച പൊതുമേഖല വ്യവസായ സ്ഥാപനങ്ങളിലൊന്നായിരുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് ശമ്പളം കിട്ടിയിട്ട് തന്നെ മാസങ്ങളായി കൊട്ടിയം: പ്രവർത്തന മൂലധനമില്ലാതെ വലയുന്ന ക്വിറ്റ്കോസിന് ഇക്കുറിയും ബജറ്റിൽ അവഗണന. മന്ത്രി േമഴ്സിക്കുട്ടിയമ്മയുടെ മണ്ഡലത്തിൽപ്പെട്ട പ്രധാന പൊതുമേഖല വ്യവസായ സ്ഥാപനങ്ങളിലൊന്നായ ക്വിറ്റ്കോസിനെ അധികൃതർ മറന്നമട്ടാണ്. ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന ലെയ്ത്ത് മെഷീനുകൾ നിർമിക്കുന്ന ക്വിറ്റ് കോസ് കഴിഞ്ഞ കുറേ കാലമായി നിലനിൽപിനായി പ്രയാസപ്പെടുകയാണ്. പൊതുമേഖല സ്ഥാപനങ്ങളെ അവയുടെ പഴയകാല പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്ന ഇടതു സർക്കാറിെൻറ പ്രഖ്യാപനം ക്വിറ്റ്കോസിന് പ്രതീക്ഷ പകർന്നിരുന്നു. ബജറ്റിൽ പണം അനുവദിക്കാത്തതോടെ പ്രതീക്ഷ പൊലിഞ്ഞു. 300 തൊഴിലാളികളുമായി 1975ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച ക്വിറ്റ്കോസിൽ ഇപ്പോൾ 35ൽ താഴെ തൊഴിലാളികൾ മാത്രമാണുള്ളത്. ഇവർക്ക് ശമ്പളം കിട്ടിയിട്ടുതന്നെ മാസങ്ങളായി. എച്ച്.എം.ടിയുടെ സഹകരണത്തോടെയാണ് ഇവിടെ ലെയ്ത്ത് മെഷീനുകൾ നിർമിച്ചിരുന്നത്. ഇപ്പോഴും ഇവിടെ നിർമിക്കുന്ന മെഷീനുകൾ വിറ്റുപോകുന്നുണ്ട്. ധാരാളം ഓർഡറും ലഭിക്കുന്നുണ്ട്. എന്നാൽ, പ്രവർത്തന മൂലധനമില്ലാത്തതിനാൽ കൂടുതൽ ലെയ്ത്ത് മെഷീനുകൾ നിർമിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇേപ്പാഴുള്ളത്. എൻജിനീയറിങ് കോളജുകൾ, ഐ.ടി.ഐകൾ തുടങ്ങി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇവിടെനിന്ന് ലെയ്ത്തുകൾ നിർമിച്ചു നൽകുന്നത്. ലെയ്ത്ത് മെഷീന് ഓർഡർ ലഭിക്കുമ്പോൾ അതിെൻറ 50 ശതമാനം അഡ്വാൻസായി വാങ്ങി സാധനങ്ങൾ വാങ്ങിച്ചാണ് ഇപ്പോൾ കമ്പനി പ്രവർത്തിപ്പിക്കുന്നത്. പ്രതിമാസം നിലവിലെ ജീവനക്കാർക്ക് ശമ്പളം നൽകണമെങ്കിൽ നാലര ലക്ഷത്തോളം രൂപ വേണം. ഉൽപാദിപ്പിച്ച് വിതരണം ചെയ്ത മെഷീെൻറ പണം കിട്ടുമ്പോഴാണ് തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. കമ്പനിയിൽനിന്ന് പിരിഞ്ഞുപോയ തൊഴിലാളികളുടെ ആനുകൂല്യം നൽകാത്തതിനാൽ റിക്കവറി നടപടികളുമുണ്ട്. എട്ടുകോടിയുടെ ബാധ്യത ഇപ്പോൾ കമ്പനിക്കുണ്ട്. സ്ഥലം എം.എൽ.എയായ മന്ത്രിക്കടക്കം നിരവധിതവണ നിവേദനങ്ങളും നിർദേശങ്ങളും നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ക്വിറ്റ്കോസിെൻറ ചെയർമാനായിരുന്ന ഫസലുദ്ദീൻ വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകിയതിെൻറ അടിസ്ഥാനത്തിൽ 50 ലക്ഷം കമ്പനിക്ക് പ്രവർത്തന മൂലധനമായി അനുവദിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. കമ്പനിയുടെ വിൽപന നികുതി കുടിശ്ശികയുടെ കാര്യത്തിലും തീർപ്പുണ്ടാക്കാമെന്ന് യു.ഡി.എഫ് സർക്കാർ ഉറപ്പുനൽകിയിരുന്നതാണ്. ഇപ്പോൾ കമ്പനിക്ക് ഡയറക്ടർ ബോർഡ് പോലും ഇല്ലാത്ത അവസ്ഥയാണ്. ഡി.ഐ.സി മാനേജർക്കാണ് കമ്പനി ചെയർമാെൻറ ചുമതല. ഒരുകോടി രൂപ പ്രവർത്തന മൂലധനമായി ലഭിച്ചാൽ കമ്പനിയുടെ പ്രവർത്തനം ലാഭകരമായി മുടങ്ങാതെ നടത്താൻ കഴിയുമെന്നാണ് തൊഴിലാളികൾ പറയുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ വിദ്യാർഥികൾക്ക് ഇേൻറൺഷിപ് നൽകാനും ക്വിറ്റ്കോസിനെ തൊഴിൽ നൈപുണ്യ കേന്ദ്രമാക്കി മാറ്റാനും കഴിഞ്ഞാൽ സ്ഥാപനത്തെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.