കൊല്ലം: കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷനര്‍മാര്‍ക്കും അംഗങ്ങള്‍ക്കുമുള്ള സ്മാര്‍ട്ട് കാര്‍ഡിന് വിശദാംശങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ അപേക്ഷയും രേഖകളും ശേഖരിക്കാൻ ഏഴു മുതല്‍ ഒമ്പതുവരെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് നടത്തും. ഏഴിന് എഴുകോണ്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ്, കൊട്ടാരക്കര ജില്ല എക്‌സിക്യൂട്ടിവ് ഓഫിസ്, ചെങ്ങമനാട്, ഇളമ്പള്ളൂര്‍ കോര്‍പറേഷന്‍ ഫാക്ടറികള്‍, ആയൂര്‍ ജി.പി.എന്‍ ഫാക്ടറി എന്നിവിടങ്ങളിലും എട്ടിന് അയത്തില്‍, കൊട്ടിയം കോര്‍പറേഷന്‍ ഫാക്ടറികള്‍, പാരിപ്പള്ളി ക്യൂ.ഇ.ഇ ഫാക്ടറി, ചാത്തിനാംകുളം കാപക്‌സ്, പൂയപ്പള്ളി വി.എല്‍.സി, കിളിമാനൂര്‍ കോര്‍പറേഷന്‍ ഫാക്ടറി, നെടുമങ്ങാട് മില്ലനിയം കാഷ്യൂ, കല്ലമ്പലം സഫയര്‍ എന്നിവിടങ്ങളിലും ക്യാമ്പ് നടക്കും. ഒമ്പതിന് കൃഷ്ണപുരം, കരിമുളയ്ക്കല്‍, പുത്തന്‍തെരുവ്, ഭരണിക്കാവ് കോര്‍പറേഷന്‍ ഫാക്ടറികൾ, ഏനാത്ത് ശാസ്താ കാഷ്യൂ ഫാക്ടറി, കെ.എന്‍.എഫ് കടമ്പനാട്, പുല്ലൂര്‍ കോര്‍പറേഷന്‍ ഫാക്ടറി എന്നിവിടങ്ങളിലും ക്യാമ്പ് നടത്തും. അപേക്ഷാ ഫോറം സമര്‍പ്പിക്കാത്ത പെന്‍ഷനര്‍മാരും അംഗങ്ങളും ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. കെ.എസ്.എഫ്.ഇ സര്‍വിസ് ചാർജ് തിരികെ നല്‍കണമെന്ന് ജില്ല ഉപഭോക്തൃഫോറം കൊല്ലം: കെ.എസ്.എഫ്.ഇ അനധികൃതമായി ഈടാക്കിയ സര്‍വിസ് ചാർജ് ചിറ്റാളന് തിരികെ നല്‍കാന്‍ ജില്ല ഉപഭോക്തൃ ഫോറം വിധിച്ചു. പേരൂര്‍ കിഴക്കടത്തു വീട്ടില്‍ റോയി കെ.എസ്.എഫ്.ഇ ആനന്ദവല്ലീശ്വരം ബ്രാഞ്ചിലാണ് അഞ്ചു ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്നത്. 2014ല്‍ ചിട്ടി നറുക്കുവീണെങ്കിലും 2163 രൂപ സര്‍വിസ് ചാർജ് ഈടാക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍വിസ് ചാർജ് അന്യായമാണെന്ന പരാതി ഫോറത്തില്‍ നല്‍കിയത്. ഫൈനാന്‍സ് ആക്ട് 2007നും കേരള ചിറ്റ്‌സ് ആക്ടിനും വിരുദ്ധമായിട്ടാണ് സര്‍വിസ് ചാർജ് ഈടാക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2163 രൂപയും നാളിതുവരെയുള്ള പലിശയും 7500 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതിച്ചെലവും സഹിതം പരാതിക്കാരന് നല്‍കുവാന്‍ ഇ.എം. മുഹമ്മദ് ഇബ്രാഹിം പ്രസിഡൻറും എം. പ്രവീണ്‍കുമാര്‍ അംഗവുമായുള്ള ജില്ല ഉപഭോക്തൃഫോറം വിധിച്ചു. ദേശീയ വിരവിമുക്തദിനം എട്ടിന് കൊല്ലം: ദേശീയ വിരവിമുക്തദിനമായ എട്ടിന് ജില്ലയിലെ ഒരു വയസ്സ് മുതല്‍ 19 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വിരനിര്‍മാര്‍ജന ഗുളിക സൗജന്യമായി നല്‍കും. അങ്കണവാടികള്‍, പ്ലേ സ്‌കൂളുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളിലാണ് വിതരണം. വിദ്യാഭ്യാസവകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്ന് ജില്ലയിലെ 59,7918 കുട്ടികള്‍ക്ക് ഗുളിക നല്‍കും. ഗുളിക ഭക്ഷണത്തിനുശേഷം ചവച്ചരച്ചാണ് കഴിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ടി. വര്‍ഗീസ് പണിക്കരുടെ അധ്യക്ഷതയില്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സന്ധ്യ, ഡോ. മണികണ്ഠന്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ഹരി, ടി.ബി ഓഫിസര്‍ ഡോ. അനു, ആയുര്‍വേദ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.