ഇളമ്പഴന്നൂർ ഷാ ക്വാറിയുടെ പ്രവർത്തനം പരിശോധിക്കണം ^മനുഷ്യാവകാശ കമീഷൻ

ഇളമ്പഴന്നൂർ ഷാ ക്വാറിയുടെ പ്രവർത്തനം പരിശോധിക്കണം -മനുഷ്യാവകാശ കമീഷൻ *ക്വാറിമൂലം മുപ്പതോളം വീടുകൾ താമസയോഗ്യമല്ലാതായെന്ന പരാതിയിലാണ് ഉത്തരവ് കൊല്ലം: ചടയമംഗലം ഇളമ്പഴന്നൂർ ഷാ ക്വാറിയുടെ പ്രവർത്തനം മൂലം പരിസരവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന പരാതി ജില്ല മലിനീകരണ നിയന്ത്രണ ബോർഡും മൈനിങ് ആൻഡ് ജിയോളജിയും സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും നിയമാനുസരണം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ക്വാറി പ്രവർത്തനം കാരണം പരിസരത്തെ വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ജില്ല കലക്ടർ മതിയായ അന്വേഷണം നടത്തി പരിഹാരനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ക്വാറിയുടെ പ്രവർത്തനാനുമതിക്കായി നൽകിയ നിബന്ധനകൾ പാലിക്കുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഇളമ്പഴന്നൂർ സ്വദേശിനി നൽകിയ പരാതിയിലാണ് ഉത്തരവ്. ക്വാറി കാരണം മുപ്പതോളം വീടുകൾ താമസയോഗ്യമല്ലാതായെന്നാണ് പരാതി. ക്വാറിക്ക് 2021 മേയ് 31 വരെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി പരിസ്ഥിതി അനുമതി നൽകിയിട്ടുള്ളതായി ചടയമംഗലം പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. പരാതിക്കാരിയുടെ ആക്ഷേപങ്ങൾ പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിനോടും മറ്റ് വകുപ്പുകളോടും ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ട് അനുസരിച്ച് മേൽനടപടി സ്വീകരിക്കുമെന്നും പറയുന്നു. 2018 മാർച്ച് വരെ ക്വാറിക്ക് ഡി ആൻഡ് ഒ ലൈസൻസ് നൽകിയിട്ടുണ്ട്. പരാതിക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ക്വാറി ഉടമക്ക് നിർദേശം നൽകിയിട്ടുള്ളതായി കടയ്ക്കൽ പൊലീസ് അറിയിച്ചു. എന്നാൽ, റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് പരാതിക്കാരി അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിയുടെ ആക്ഷേപം ബന്ധപ്പെട്ട അധികാരികളെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.