അടിസ്ഥാന സൗകര്യങ്ങളില്ല; ദാതാക്കൾക്ക് ദുരിതമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി രക്തബാങ്ക്

രക്തബാങ്കിൽ ശൗചാലയ സൗകര്യമില്ല *ദാതാക്കൾക്ക് നൽകുന്നത് നിലവാരം കുറഞ്ഞ കുപ്പി പാനീയം കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി . രക്ത ദാതാക്കളും രക്തം സ്വീകരിക്കാൻ വരുന്നവരും ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. ഈ പരാതികളിപ്പോൾ നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രക്തം ദാനം ചെയ്യാനെത്തിയ യുവാവിന് രക്തം നൽകിയ ശേഷം ലഘു പാനീയം നൽകുന്നതിലും കൈ കാലുകൾ ശുചീകരിക്കുന്നതിലും രക്തബാങ്ക് ജീവനക്കാർ അലംഭാവം കാട്ടിയതായി പരാതി ഉയർന്നു. 25 രൂപയാണ് രക്തം ദാനം ചെയ്യുന്ന ഓരോരുത്തർക്കും ലഘു പാനീയവും ലഘു ഭക്ഷണവും നൽകാൻ സർക്കാർ അനുവദിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിൽ നിന്ന് അറിയാൻ കഴിയുന്നത്. എന്നാൽ ഇവിടെ 10 രൂപയിൽ താഴെ വിലയുള്ള നിലവാരം കുറഞ്ഞ കുപ്പി പാനീയമാണ് ദാതാക്കൾക്ക് നൽകുന്നതെന്ന പരാതിയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് രക്തബാങ്ക് പ്രവർത്തിക്കുന്നതെന്ന പരാതി നേരത്തേ ഉയർന്നിട്ടുള്ളതാണ്. രക്തബാങ്കിൽ പ്രവേശിക്കുന്നവർക്ക് ഇവിടെ ശൗചാലയ സൗകര്യമില്ല. ആവശ്യമെങ്കിൽ പുറത്തുള്ള പണമടക്കേണ്ടുന്ന ശൗചാലയത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജീവ രക്ഷക്ക് രക്തം ദാനം ചെയ്യാനെത്തുന്നവർക്ക് ദുരിതമായി രക്തബാങ്ക് മാറുകയാണെന്നാണ് ഇവിടെ എത്തി മടങ്ങുന്നവരുടെ പരാതി. രക്തദാനം എന്ന മഹാദാനത്തെ സർക്കാറും വിവിധ സംഘടനകളും പ്രോത്സാഹിപ്പിക്കുമ്പോഴാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി രക്തബാങ്കിലെ ഈ ദുരിതാവസ്ഥയെന്ന് നാട്ടുകാരുടെ പരാതി. രക്തബാങ്കിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.