ആറ്റിങ്ങല്‍: വാമനപുരം നദിയിലെ നീരൊഴുക്ക് കുറയുന്നതിനാൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം അനിശ്ചിതത്വത്തിലേക്ക്. ഒരു ഡസനിലേറെ കുടിവെള്ള വിതരണ പദ്ധതികള്‍ വാമനപുരം നദിയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. അയിലം മുതല്‍ ആറ്റിങ്ങല്‍ പൂവമ്പാറ വരെ ഭാഗത്തായാണ് പമ്പിങ് കിണറുകള്‍. ഇവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന ജലം ശുദ്ധീകരണ പ്ലാൻറുകളിലെത്തിച്ച് ശുദ്ധീകരിച്ച് സംഭരണികളിലേക്ക് മാറ്റും. തുടര്‍ന്നാണ് പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നത്. നദിയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം വരും ദിവസങ്ങളില്‍ അതോറിറ്റി പരിഗണിക്കും. പമ്പിങ് കിണറുകളില്‍നിന്നുള്ള ജലശേഖരണം നിലവില്‍ സുഗമമായി നടക്കുന്നുണ്ട്. എന്നാല്‍, നീരൊഴുക്ക് കുറഞ്ഞതിനാല്‍ പമ്പിങ് പൂര്‍ത്തിയാകുന്ന മുറക്ക് പമ്പിങ് കിണറുകള്‍ വറ്റുന്ന അവസ്ഥയാണ്. ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജലവിതരണം നിലയ്ക്കുന്ന അവസ്ഥയാണ്. മുന്‍ വര്‍ഷങ്ങളില്‍ വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമാണ് ജലക്ഷാമം രൂക്ഷമായിരുന്നത്. എന്നാല്‍, ഒരുവര്‍ഷത്തിനിടെ താഴ്ന്ന പ്രദേശങ്ങളിലും ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. നിയന്ത്രണാതീതമായി കുഴല്‍ക്കിണറുകള്‍ വർധിച്ചതും ജലവിതാനം താഴുന്നതിനിടയാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി കുഴല്‍ക്കിണര്‍ നിർമാണം ഗ്രാമീണ മേഖലയില്‍ വ്യാപകമാണ്. കുഴല്‍ക്കിണര്‍ നിർമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വേനല്‍ക്കാലത്ത് ജലക്ഷാമമുള്ള സ്ഥലങ്ങളിലെത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അനുമതി കൂടാതെ കുഴല്‍ക്കിണറുകള്‍ നിർമിക്കുകയാണ്. ഇതോടെ ഈ മേഖലയിലെ എല്ലാ കിണറുകളും വറ്റുന്നതിനിടയാകും. പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നഗരപ്രദേശത്ത് തടസ്സം കൂടാതെ നടക്കുന്നുണ്ട്. എന്നാല്‍, ഗ്രാമീണ മേഖലകളില്‍ ജലവിതരണം പല സ്ഥലങ്ങളിലും നാമമാത്രമാണ്. തീരദേശ മേഖലകളിലടക്കം പൈപ്പ് ലൈനിലൂടെ പല ദിവസവും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. വേനല്‍ച്ചൂട് കടുത്തതോടെ ജലഉപഭോഗത്തിലുണ്ടായ വർധനയാണ് കാരണം. ഉപഭോഗം കൂടിയതിനെ തുടര്‍ന്ന് എല്ലാ പമ്പിങ് കിണറുകളിലും ഉൽപാദനം വന്‍തോതില്‍ വർധിപ്പിച്ചിരുന്നു. എന്നിട്ടും ഉപഭോഗത്തിലുണ്ടായ വർധനയെ ഉൾക്കൊള്ളാന്‍ കഴിയുന്നില്ല. ഉപഭോഗം വർധിച്ചതോടെ പൈപ്പ് ലൈനിെൻറ അവസാന ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജലം ലഭിക്കാത്ത അവസ്ഥയാണ്. മറ്റു ഭാഗങ്ങളിലേക്കുള്ള വാല്‍വുകള്‍ അടച്ച് ജലവിതരണം സാധ്യമാക്കുന്ന രീതികളും പരാജയപ്പെട്ട അവസ്ഥയിലാണ്. ഇതിനിടയിലാണ് പമ്പിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം. വാമനപുരം നദിയിലെ നീരൊഴുക്കിലുണ്ടായ കുറവ് ജലഅതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷന്‍ രണ്ടാഴ്ച മുമ്പ് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പ്രതിദിനം ജലവിതാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പരിശോധിക്കുന്നുണ്ട്. ചെക്ഡാമിെൻറ ഉയരം കൂട്ടാന്‍ തീരുമാനം ആറ്റിങ്ങല്‍: വാമനപുരം നദിയിലെ ജലഅതോറിറ്റിയുടെ ചെക്ഡാമിെൻറ ഉയരം കൂട്ടാന്‍ തീരുമാനം. നദിയിലെ നീരൊഴുക്ക് കുറയുകയും കുടിവെള്ള വിതരണം അനിശ്ചിതത്വത്തിലാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഹ്രസ്വ-ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ജലഅതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ചെയര്‍മാനും ജലഅതോറിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍, അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പൂവമ്പാറയിലെ നിലവിലെ ചെക്ഡാം ഉയര്‍ത്താന്‍ തീരുമാനിച്ചു. 70 സെൻറിമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. ഇതു പദ്ധതി പ്രദേശത്ത് അര കിലോമീറ്റര്‍ വരെ ജലസംഭരണ ശേഷി വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.