കൊച്ചി: അർഹമായ ഐ.എ.എസ് പ്രമോഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥെൻറ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെക്കുറിച്ചും ഇവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും സി.ബി.ഐ അന്വേഷണം തേടി തൃശൂരിലെ ഡെപ്യൂട്ടി കലക്ടർ കെ.വി. മുരളീധരനാണ് ഹരജി നൽകിയത്. 1987ൽ ഡെപ്യൂട്ടി കലക്ടറായി ജോലിൽ പ്രവേശിച്ച തനിക്ക് എട്ടുവർഷത്തെ സർവിസ് പൂർത്തിയാക്കിയതോടെ ഐ.എ.എസ് പദവിക്ക് അർഹത ലഭിച്ചെങ്കിലും വർഷങ്ങളായി ഇത് നിഷേധിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. 1992 മുതൽ ഒാരോ വർഷവും അർഹമായ പ്രമോഷൻ നിഷേധിക്കാൻ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ അച്ചടക്ക നടപടിക്കുള്ള ഫയൽ തുറക്കുമെന്നും 30 വർഷത്തെ സർവിസ് പൂർത്തിയാക്കിയ തനിക്ക് സമയബന്ധിതമായി ഐ.എ.എസ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ചീഫ് സെക്രട്ടറിയാകുമായിരുന്നെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 36 അച്ചടക്ക നടപടി ഫയലുകളും നിരവധി വിജിലൻസ് അന്വേഷണങ്ങളും തനിക്കെതിരെ ഉണ്ടായി. ഇവ സമയബന്ധിതമായി അന്വേഷിച്ച് പൂർത്തിയാക്കണമെന്ന് 2008ൽ ഹൈകോടതി നിർദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, നൂറ്റമ്പതോളം ഉദ്യോഗസ്ഥർക്ക് വിജിലൻസ് കേസുകൾ തീർപ്പാക്കിയും കേസ് വിവരങ്ങൾ മറച്ചുവെച്ചും ഐ.എ.എസ് പ്രമോഷൻ ലഭ്യമാക്കിയിട്ടുണ്ട്. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ ഇതിനായി വഴിവിട്ട് പ്രവർത്തിച്ചു. പട്ടികജാതിക്കാരൻ ഐ.എ.എസുകാരനാവുന്നത് തടയാൻ തെൻറ കേസിൽ ചട്ടവിരുദ്ധമായ നടപടിയാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചത്. 106 സ്ഥലംമാറ്റങ്ങളാണ് ഇതുവരെ നേരിട്ടത്. 1989 മുതൽ 2017 വരെ തനിക്കെതിരെ പ്രവർത്തിച്ചവരെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് മുരളീധരെൻറ ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.