തിരുവനന്തപുരം: പൊലീസിന് കത്തയച്ചശേഷം മൂന്നംഗ കുടുംബം ആത്മഹത്യചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. നഗരത്തെ ഞെട്ടിച്ച കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെക്കുറിച്ച് പുറത്തുവരുന്നത് വിചിത്രവും അവിശ്വസനീയവുമായ വിവരങ്ങളാണ്. ശനിയാഴ്ചയാണ് ശാസ്തമംഗലം പണിക്കേഴ്സ് ലൈനിൽ സുകുമാരൻ നായർ(65), ഭാര്യ ആനന്ദവല്ലി (56), മകൻ സനത്(40) എന്നിവരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണുന്നത്. മരണശേഷം തങ്ങളെ സംസ്കരിക്കാനുള്ള തുകയും മൃതദേഹത്തിൽ തളിക്കുന്നതിന് സ്പ്രേയും ശരീരം പുതപ്പിക്കുന്നതിനുള്ള വസ്ത്രവും മുറിക്കുള്ളിൽ ഒരുക്കിവെച്ച ശേഷമായിരുന്നു ആത്മഹത്യ. തങ്ങൾ മരിക്കുകയാണെന്നുകാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം സി.ഐക്ക് സുകുമാരൻ നായർ കത്ത് അയച്ചു. ഇംഗ്ലീഷിലായിരുന്നു ആത്മഹത്യ കുറിപ്പ്. ശനിയാഴ്ചയാണ് പൊലീസിന് കത്ത് ലഭിക്കുന്നത്. കത്ത് കിട്ടിയതനുസരിച്ച് മ്യൂസിയം പൊലീസ് ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് മൂവരും മരിച്ച നിലയിൽ കാണപ്പെട്ടത്. എന്നാൽ, ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സനത് ഒരുദിവസം മുമ്പേ മരിച്ചതായാണ് വിവരം. ഇയാളുടെ മൃതദേഹത്തിന് കൂടുതൽ പഴക്കമുണ്ട്. മകെൻറ മരണമാകാം സുകുമാരൻ നായരെയും ആനന്ദവല്ലിയെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് സ്വർണവും പണവും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ഇവരുടെ വീടും മറ്റ് ആസ്തികളും ഒരു ക്ഷേത്രത്തിനും കന്യാകുമാരി അഞ്ചുഗ്രാമത്തിലെ ആനന്ദൻ ജ്യോതിശ്വർ എന്ന സന്ന്യാസിയുടെ പേരിലേക്കും മാറ്റിയിട്ടുണ്ട്. ആത്മഹത്യകുറിപ്പിൽ സന്ന്യാസിയുടെ ഫോൺനമ്പറുമുണ്ട്. സന്ന്യാസിയെ ചോദ്യം ചെയ്താൽ ആത്മഹത്യ സംബന്ധിച്ച് കൂടുതൽ വ്യക്തതലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മൂവരുടെയും മൃതദേഹങ്ങൾ ഞായറാഴ്ച ഉച്ചക്ക് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.