പേയാട്: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല വൈസ് പ്രസിഡൻറ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ഭരണച്ചുമതല വഹിക്കുന്ന നേമം ബ്ലോക്ക് പഞ്ചായത്ത് തികഞ്ഞ പരാജയമാണ്. ഡോക്ടർമാരും മരുന്നുമില്ലാതെ സാധാരണക്കാരന് ചികിത്സ നിഷേധിക്കുന്ന വിളപ്പിൽ സി.എച്ച്.സി നാടിെൻറ ശാപമായി മാറിയിരിക്കുന്നു. ദിവസങ്ങൾക്കു മുമ്പ് ഒരു രോഗി ചികിത്സ ലഭിക്കാതെ ഈ ആശുപത്രിക്ക് മുന്നിൽ ജീവനോട് മല്ലിട്ട് കഴിച്ചുകൂട്ടിയത് നാലു മണിക്കൂറാണ്. ഒക്സിജൻ സിലിണ്ടർ ഇല്ലാത്തതിനാലാണ് ആ രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. പാവപ്പെട്ട രോഗികൾ ആശുപത്രിയിലെത്തുമ്പോൾ ഓക്സിജൻ സിലിണ്ടർ കൂടി കൊണ്ടു വരണമോ എന്ന് ആരോഗ്യ വകുപ്പ് പറയണം. സ്വകാര്യ ആശുപത്രികൾക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമുണ്ടാക്കുകയാണ് ഭരണക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വിളപ്പിൽ ശ്രീകുമാർ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ് സന്തോഷ്, സെക്രട്ടറി മലയിൻകീഴ് രാജശേഖരൻ, ചാറവിള ശ്രീകുമാർ, ചെറുകോട് അനിൽകുമാർ, അജയൻ, പഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, ജഗദമ്മ, ജലജാംബിക, ശിവാ കൈലാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.